സുസ്ഥിര പച്ചക്കറിയിൽ മുമ്പനായി ആകാശവെള്ളരി
1577432
Sunday, July 20, 2025 8:03 AM IST
കാലിക്കടവ്: വള്ളിയിൽ തൂങ്ങിവിളയുന്ന അപൂർവമായ ആകാശവെള്ളരി കാണണമെങ്കിൽ കണ്ണൂർ- കാസർഗോഡ് ജില്ലാ അതിർത്തിയോട് ചേർന്നുള്ള കാലിക്കടവിൽ വന്നാൽ മതി. റിട്ട. മുഖ്യാധ്യാപകൻ കെ.വി. വേണുഗോപാലനും ആരോഗ്യ വകുപ്പിൽ പബ്ലിക് ഹെൽത്ത് നഴ്സിംഗ് സൂപ്പർവൈസറായി വിരമിച്ച ഭാര്യ വി.ആർ. ലൈയും ചേർന്നു ചെയ്തുവരുന്ന ജൈവ കൃഷിയിടത്തിലെ ഒരിനം മാത്രമാണിത്.
പാഷൻ ഫ്രൂട്ടിന്റെ കുടുംബക്കാരനായ ഈ വെള്ളരി തലമുറകളോളം വിളവുതരും.സുസ്ഥിര പച്ചക്കറിയായും മധുരഫലമായും ഉപയോഗിച്ചുവരുന്നുണ്ട്. ഏതുകാലാവസ്ഥയിലും സൂര്യകാന്തിയുടെ പൂപോലെ പൂത്തുനിൽക്കുന്ന പൂക്കളും ആകർകമാണ്.
പ്രോട്ടീൻ, നാരുകൾ, ഇരുമ്പ്, കാൽസ്യം, ഫോസ്ഫറസ് എന്നീ പോഷകങ്ങളാൽ സമ്പുഷ്ടമായ ഇവ പ്രമേഹം, രക്തസമ്മർദം, ആസ്ത്മ, ഉദരരോഗങ്ങൾ തുടങ്ങിയവയ്ക്കെതിരെ പ്രയോഗിക്കാവുന്ന ഔഷധവുമാണെന്നാണ് പറയപ്പെടുന്നത്.
പപ്പായയിലേതുപോലെ കനത്തിൽ മാംസളമായ കാമ്പും അകത്ത് പാഷൻ ഫ്രൂട്ടിലേതു പോലെ പൾപ്പും വിത്തുകളുമുണ്ട്. പൾപ്പിന് നല്ല മധുരവുമുണ്ട്.പൂവിട്ട ശേഷം രണ്ട് മാസം കൊണ്ട് വിളവെടുക്കാൻ പാകമാവും. മറ്റു പച്ചക്കറികളിലെ കീടബാധകൾ ഇവക്ക് ഉണ്ടാവില്ല എന്നതും പ്രത്യേകതയാണ്. ചാണകം മാത്രമാണ് വളമായി നൽകി വരുന്നത്.
ഞാലിപൂവൻ, പാളയംകോടൻ, കൂമ്പില്ലാ പൂവൻ, വിരൽ പൂവൻ, നെയ് പൂവൻ, മണ്ണൻ, അണ്ണാറക്കണ്ണൻ, കൂമ്പില്ലാകണ്ണൻ,ചെങ്കദളി, പച്ചകദളി, സോദരി, റോബസ്റ്റ, മങ്ക തുടങ്ങി 14 ഇനം വാഴകളുടെ ഇനങ്ങളും വീട്ടുവളപ്പിലുണ്ട്. ഏഴുതരം ചീരകൾ ഉണ്ട് ഇവരുടെ കൃഷിയിടത്തിൽ. ഒരേക്കർ വയലിൽ നാടൻ ഇനം നെൽകൃഷിയുമുണ്ട്. പച്ചക്കറി, കിഴങ്ങുവർഗങ്ങൾ, റമ്പൂട്ടാൻ, മുള്ളാത്ത, പേരക്ക, ഇംഗ്ലീഷ് നെല്ലിക്ക ഇനങ്ങളെല്ലാം വീട്ട് വളപ്പിൽ കൃഷി ചെയ്യുന്നു. ആരെയും ആകർഷിക്കുന്ന വേറിട്ട താമര ചെടികൾ ഇവിടെ കാണാം.ഹൈബ്രിഡ് ഇനങ്ങളായ സത്താബങ്കട്ട്, വൈറ്റ് പിയോണി, അമേരിക്കമലി തുടങ്ങി നാടൻ ഉൾപ്പെടെ ഏഴ് വിഭാഗം താമര ചെടികളാണുള്ളത്.