പഴകി ദ്രവിച്ച കെട്ടിടത്തിൽനിന്ന് ഇന്നും മോചനമില്ല
1577435
Sunday, July 20, 2025 8:03 AM IST
കുമ്പള: ഏഴു പതിറ്റാണ്ടിലേറെ പഴക്കമുള്ള രണ്ട് കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്ന ഒരു സാമൂഹികാരോഗ്യകേന്ദ്രമുണ്ട് ജില്ലയിൽ. പ്രതിദിനം മുന്നൂറിലേറെപ്പേർ ചികിത്സ തേടിയെത്തുന്ന കുമ്പള സാമൂഹികാരോഗ്യ കേന്ദ്രം.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലുണ്ടായ അപകടത്തിനുശേഷം പെരുമഴയിൽ ചോർന്നൊലിക്കുന്ന കെട്ടിടങ്ങളുടെ ദ്രവിച്ച മേൽക്കൂരയിൽ ഇടയ്ക്കിടെ നോക്കി ഭയാശങ്കയിൽ കഴിയാനാണ് ഇവിടുത്തെ രോഗികളുടെയും ജീവനക്കാരുടെയും വിധി.
ഒരുപക്ഷേ ഇത്രയും പഴക്കമുള്ള ഓടുമേഞ്ഞ ആശുപത്രി കെട്ടിടങ്ങൾ സംസ്ഥാനതലത്തിൽതന്നെ കുറവായിരിക്കും. മിക്കയിടങ്ങളിലും പ്രാഥമികാരോഗ്യകേന്ദ്രങ്ങൾക്കുപോലും പുതിയ കെട്ടിടങ്ങളായിക്കഴിഞ്ഞപ്പോഴാണ് കുമ്പള പോലെ ജനസാന്ദ്രതയേറിയ ഒരു സ്ഥലത്ത് ഇപ്പോഴും പഴയ കെട്ടിടത്തിൽ തന്നെ ചികിത്സ തുടരുന്നത്. 1954 കാലഘട്ടത്തിലാണ് രണ്ടു കെട്ടിടങ്ങളും നിർമിച്ചതെന്നാണ് രേഖകളിൽ കാണുന്നത്. രണ്ടു കെട്ടിടങ്ങളും മഴക്കാലത്ത് ചോർന്നൊലിക്കുന്നുമുണ്ട്.
സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ നവീകരണത്തിന് ഏഴുകോടി രൂപ അനുവദിച്ചതായി ഒരു വർഷം മുമ്പ് സർക്കാരിന്റെ പ്രഖ്യാപനമുണ്ടായിരുന്നു. എന്നാൽ തുടർനടപടികളൊന്നും ഉണ്ടായില്ല. സിഎച്ച്സിയുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി വിവിധ സംഘടനകൾ സർക്കാരിന്റെ താലൂക്ക് തല ആദാലത്തിൽ നിവേദനം നല്കിയിരുന്നു. നവീകരണ പദ്ധതിക്കായി സർക്കാരിലേക്ക് പ്രപ്പോസൽ സമർപ്പിച്ചിട്ടുണ്ടെന്ന മറുപടിയാണ് ഇതിന് ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നും ലഭിച്ചത്.
സിഎച്ച്സിയുടെ വികസനവുമായി ബന്ധപ്പെട്ട് വിവിധ സംഘടനകൾ ആരോഗ്യ മന്ത്രി വീണാ ജോർജിനും നിവേദനം സമർപ്പിച്ചിരുന്നു.
പക്ഷേ ഒന്നിലും നടപടികളൊന്നും ഉണ്ടായില്ല. ഇടയ്ക്ക് സിഎച്ച്സിയിൽ ഡയാലിസിസ് കേന്ദ്രം തുടങ്ങാൻ അനുമതി ലഭിച്ചിരുന്നെങ്കിലും മതിയായ സൗകര്യങ്ങളില്ലാത്തതിനാൽ അതും നടന്നില്ല.
സർക്കാരാശുപത്രികളെല്ലാം ഹൈടെക്കാകുന്ന കാലത്ത് ഈയൊരാശുപത്രി മാത്രം അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത പഴഞ്ചൻ കെട്ടിടത്തിൽ ഇനിയുമെത്രകാലം തുടരേണ്ടിവരുമെന്നാണ് കുമ്പളക്കാർ ചോദിക്കുന്നത്.