നെല്ലിയടുക്കം-ബിരിക്കുളം റോഡിന്റെ ശോചനീയാവസ്ഥയ്ക്കെതിരെ പ്രതിഷേധമിരമ്പി
1577538
Monday, July 21, 2025 12:47 AM IST
ബിരിക്കുളം: നെല്ലിയടുക്കം-ബിരിക്കുളം റോഡിന്റെ ശോചനീയാവസ്ഥയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. മലയോര മേഖലയിലെ ജനങ്ങള്‍ക്ക് കാര്‍ഷിക വിളകളുടെ വില്പനയ്ക്കും ആശുപത്രി തുടങ്ങിയ ആവശ്യങ്ങള്‍ക്കും നീലേശ്വരം പോലുള്ള ടൗണുകളിലേക്ക് പോകുന്നതിന് ഉപയോഗിക്കുന്ന ഏറ്റവും വര്‍ഷം പഴക്കമുള്ള പ്രധാന റോഡാണ് ബിരിക്കുളം - നെല്ലിയടുക്കം -കൊല്ലമ്പാറ റോഡ്.
ഈ റോഡിന്റെ നവീകരണത്തിന് അനുവദിച്ച ഫണ്ട് ജില്ലാ പഞ്ചായത്ത് മെമ്പറുടെ സ്വജനപക്ഷപാത നടപടിയിലൂടെ സ്വന്തം നാട്ടിലേക്ക് വകമാറ്റി കൊണ്ട് പോയത് മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ ശബ്ദരേഖയിലൂടെ പുറത്ത് വന്നതാണെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിക്കുന്നു.
കിനാനൂര്‍-കരിന്തളം പഞ്ചായത്ത് പ്രസിഡന്റിന്റെ വാര്‍ഡിലൂടെയും പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ കിനാനൂര്‍ ഡിവിഷനിലെയും പ്രധാന റോഡായ കൊല്ലമ്പാറ - നെല്ലിയടുക്കം- ബിരിക്കുളം റോഡിന്റെ ഫണ്ട് വകമാറ്റി കൊണ്ടുപോയിട്ട് റോഡ് നടന്നുപോകാന്‍ പോലും പറ്റാതെ കുണ്ടും കുഴിയുമായിട്ട് ജനപ്രതിനിധികള്‍ ജനങ്ങളോട് കാണിക്കുന്ന കടുത്ത ജനവഞ്ചനയ്ക്കെതിരെ കിനാനൂര്‍-കരിന്തളം മണ്ഡലം കാറളം അഞ്ചാം വാര്‍ഡ് കമ്മറ്റിയുടെ നേതൃത്വത്തില്‍ കാട്ടിപ്പൊയിലില്‍ വാഴനട്ട് പ്രതിഷേധിച്ചു.
അടിയന്തിരമായി അറ്റകുറ്റപണി നടത്തി റോഡ് സഞ്ചാരമാക്കാന് അധികാരികള്‍ കണ്ണ് തുറന്നില്ലെങ്കില്‍ ശക്തമായ സമരത്തിന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി നേതൃത്വം നല്‍കുമെന്ന് മണ്ഡലം പ്രസിഡന്റ് മനോജ് തോമസ് മുന്നറിയിപ്പ് നല്കി.
പ്രതിഷേധ ധര്‍ണ ഡിസിസി വൈസ്പ്രസിഡന്റ് ബി.പി. പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. വിജയന് കാറളം അധ്യക്ഷതവഹിച്ചു. ബാലഗോപാലന് പി. കാളിയാനം സ്വാഗതം പറഞ്ഞു.
ദിനേശന് പെരിയങ്ങാനം, സിജോ പി. ജോസഫ്, നൗഷാദ് കാളിയാനം, ഷിബിന്‍ ഉപ്പിലിക്കൈ, ജയകുമാര്‍ ചാമക്കുഴി, ശശി ചാങ്ങാട്, മനു കാറളം, പുഷ്പന് ചാങ്ങാട്, രാജേഷ് പുതുക്കുന്ന്, ഉണ്ണികൃഷ്ണന് കാട്ടിപ്പൊയില്‍, ശ്രീജിത്ത് പുതുക്കുന്ന്, കൃപേഷ് കുമാര്‍, സുധീഷ് കാട്ടിപ്പൊയില്‍ എന്നിവര്‍ നേതൃത്വം നല്കി.