ഖാദിയും ഓണ്‍ലൈന്‍ വിപണന രംഗത്തേക്ക്; ന്യൂജെന്‍ വസ്ത്രങ്ങളും വിപണിയിലെത്തിക്കും
1577542
Monday, July 21, 2025 12:47 AM IST
കാസര്‍ഗോഡ്: ഈ ഓണം മുതല്‍ ഖാദിയും ഓണ്‍ലൈന്‍ വിപണന രംഗത്തേക്ക് കടക്കുന്നു. പുതുതലമുറയെ ആകര്‍ഷിക്കാന്‍ വിവിധ നിറത്തിലുള്ള പാന്റ്സ്, കുര്‍ത്ത, ലോംഗ് ബ്ലൗസ് എന്നിവ വിപണിയിലെത്തിച്ചു ന്യൂ ജെന്‍ ആകാന്‍ ഖാദിയും തയ്യാറെടുത്തെന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്മാന് പി. ജയരാജന്. ദേശീയ പ്രസ്ഥാനത്തോളം പഴക്കമുള്ള ഖാദിയുടെ മൂല്യം ഇനി പുതുതലമുറയ്ക്കും പകര്‍ന്നു കൊടുക്കും.
ഇത്തവണ അഭിഭാഷകര്‍ക്കുള്ള കോട്ടുകള്‍ നിര്‍മിച്ചു പുതുപരീക്ഷണം നടത്തുന്ന ഖാദിയുടെ ഓഗസ്റ്റ് ഒന്ന് മുതലുള്ള എല്ലാ വില്പനക്കും 30 ശതമാനം റിബേറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 16 മുതല്‍ ഖാദി ഓണം വിപണന മേള സജീവമാകും. കുഞ്ഞുടുപ്പുകള്‍, കുഷ്യന്, ബെഡ്ഷീറ്റ്, സമ്മാന വസ്ത്രങ്ങള്‍ എന്നിവയും മേളയില്‍ ഉണ്ടാകും.
കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ഖാദി വസ്ത്രപ്രചാരണവിജയം ലക്ഷ്യമിട്ട് കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗം ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് വൈസ് ചെയര്മാന് പി. ജയരാജന് ഉദ്ഘാടനം ചെയ്തു .
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ശ്യാമലക്ഷ്മി, ഖാദി ബോര്‍ഡ് പ്രോജക്ട് ഓഫീസര്‍ സുഭാഷ്, പയ്യന്നൂര്‍ ഖാദി കേന്ദ്രം മാനേജര്‍ ഷിബു എന്നിവര്‍ സംബന്ധിച്ചു.