മഴവിസ്മയം തീർത്ത് അച്ചൻകല്ല് വെള്ളച്ചാട്ടം
1577547
Monday, July 21, 2025 12:47 AM IST
കൊന്നക്കാട്: മഴ കനത്തതോടെ മലയോരത്തെ മൺസൂൺകാല വെള്ളച്ചാട്ടമായ അച്ചൻകല്ല് വെള്ളച്ചാട്ടം കാണാൻ സഞ്ചാരികളുടെ പ്രവാഹം. കഴിഞ്ഞ ദിവസം മലയോര പ്രദേശത്ത് അതിശക്തമായ മഴ ലഭിച്ചതോടെയാണ് വെള്ളച്ചാട്ടം കാണാൻ ആൾക്കാർ ഒഴുകിയെത്തിയത്. വലിയ ജലപ്രവാഹം വെള്ളച്ചാട്ടത്തെ കൂടുതൽ നയനമനോഹരമാക്കി. ഇതു സഞ്ചാരികളെ ഏറെ ആകർഷിക്കുന്നുണ്ട്. വെള്ളരിക്കുണ്ടിൽ നിന്നും 16 കിലോമീറ്റർ സഞ്ചരിച്ചാൽ
വെള്ളച്ചാട്ടത്തിനടുത്തെത്താം. ഇവിടേക്കു ടാറിട്ട റോഡുണ്ട്. റോഡ് സൗകര്യമുള്ളതിനാൽ വിദൂരസ്ഥലങ്ങളിൽ നിന്നും ധാരാളം ആൾക്കാർ എത്തിച്ചേരുന്നുണ്ട്. കുന്നിൻ മുകളിൽ നിന്നും വരുന്ന വലിയ ജലപ്രവാഹത്തെ കല്ലിൽത്തട്ടി ചിതറി വീഴുന്ന കാഴ്ച ഏവരെയും ആകർഷി ക്കുന്നുണ്ട്. മഴ കുറയുന്നതോടെ ജലപ്രവാഹവും കുറയും.
ഇതിന് സമാനമായി കാണപ്പെടുന്ന മറ്റൊന്നാണ് സമീപമുള്ള ഓടക്കൊല്ലി വെള്ളച്ചാട്ടം. ഇവിടേക്കും ധാരാളം ആൾക്കാർ എത്തുന്നുണ്ട്. എത്തിച്ചേരാൻ റോഡുണ്ട് എന്നതൊഴിച്ചാൽ മറ്റു സൗകര്യങ്ങളൊന്നും ഇവിടെയില്ല. ദിവസേന നൂറുകണക്കിനാളുകളാണ് ഇവിടേക്ക് വന്നുകൊണ്ടിരിക്കുന്നത്.
വെള്ളച്ചാട്ടത്തിന്റെ സമീപ പ്രദേശങ്ങൾ ഉൾപ്പെടുത്തി വികസന പ്രവർത്തനങ്ങൾ നടത്തേണ്ടത് അനിവാര്യമാണ്. ജില്ലയുടെ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ ലിസ്റ്റിൽഇതേ വരെ ഉൾപ്പെടുത്തിയിട്ടില്ല.
റാണിപുരം, കോട്ടഞ്ചേരി എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങളുമായി ഈ പ്രദേശത്തെയും ബന്ധിപ്പിച്ചാൽ സന്ദർശകർക്ക് ഏറെ സൗകര്യപ്രദമാകും ബളാൽ പഞ്ചായത്ത് അധികൃതർ ഇവിടെ മുൻ കൈയെടുത്തു സ്ഥലം ഏറ്റെടുത്ത് വികസന പ്രവർത്തനങ്ങൾ നടത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
ഇവിടെ സൗകര്യങ്ങൾ വർധിപ്പിച്ച് ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കുന്നതോടെ കൊന്നക്കാട് ടൗണിന്റെയും സമീപപ്രദേശങ്ങളുടെയും വികസനത്തിന് വേഗത കൂടും.