മ​ല​യോ​ര ഹൈ​വേ​യ്ക്ക് വ​നം​വ​കു​പ്പി​ന്‍റെ "പൂ​ട്ട്'
Saturday, May 18, 2019 1:23 AM IST
കാ​സ​ര്‍​ഗോ​ഡ്: വ​നം​വ​കു​പ്പി​ന്‍റെ അ​നു​മ​തി ല​ഭി​ക്കാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്ന് ബ​ന്ത​ടു​ക്ക​യി​ല്‍ മ​ല​യോ​ര​ഹൈ​വേ​യു​ടെ നി​ര്‍​മാ​ണ​വും സ്തം​ഭി​ക്കു​ന്നു. ബ​ന്ത​ടു​ക്ക മു​ത​ല്‍ അ​ത്ത​നാ​ടി വ​രെ​യു​ള്ള ഭാ​ഗ​ത്ത് വ​ന​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന മൂ​ന്നു കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ല്‍ റോ​ഡ് വീ​തികൂ​ട്ടു​ന്ന​തി​നു​ള്ള അ​നു​മ​തി​യാ​ണ് വൈ​കു​ന്ന​ത്.

നി​ല​വി​ല്‍ വ​ന​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന റോ​ഡി​ന് അ​ഞ്ചു​മീ​റ്റ​ര്‍ വീ​തി​യാ​ണ് ഉ​ള്ള​ത്. മ​ല​യോ​ര​ഹൈ​വേ​യു​ടെ ഭാ​ഗ​മാ​കു​മ്പോ​ള്‍ ഇ​ത് പ​ത്തു​മീ​റ്റ​റാ​യി ഉ​യ​ര്‍​ത്താ​നാ​ണ് നി​ര്‍​ദേശം. ഇ​തി​നു​ള്ള അ​നു​വാ​ദ​മാ​ണ് വ​നം​വ​കു​പ്പി​ല്‍​നി​ന്ന് ല​ഭി​ക്കേ​ണ്ട​ത്. എ​ന്നാ​ല്‍ ബ​ന്ധ​പ്പെ​ട്ട​വ​രെ പ​ല​വ​ട്ടം സ​മീ​പി​ച്ചി​ട്ടും വ​നം​വ​കു​പ്പി​ന്‍റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ഇ​ഴ​യു​ക​യാ​ണ്. പ​ള്ള​ഞ്ചി വ​ന​ത്തി​ല്‍ തോ​ടി​നോ​ട് ചേ​ര്‍​ന്ന് മ​ണ്ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി കു​ഴി​യെ​ടു​ക്കാ​ന്‍​പോ​ലും വ​നം​വ​കു​പ്പ് അ​നു​വ​ദി​ച്ചി​ല്ലെ​ന്ന് ക​രാ​റു​കാ​ര​ന്‍ പ​റ​യു​ന്നു.

മ​ല​യോ​ര​ ഹൈ​വേ വ​രു​ന്ന ഭാ​ഗ​ത്തെ പ​ര​പ്പ-​പ​ള്ള​ഞ്ചി-​പാ​ണ്ടി റോ​ഡ് ഇ​പ്പോ​ള്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു​കി​ട​ക്കു​ക​യാ​ണ്. ഇ​തി​ലൂ​ടെ മ​ല​യോ​ര ഹൈ​വേ വ​രു​മെ​ന്ന​തു​കൊ​ണ്ട് ഇ​പ്പോ​ള്‍ ഈ ​റോ​ഡി​ന്‍റെ ന​വീ​ക​ര​ണ​ത്തി​നാ​യി മ​റ്റു ഫ​ണ്ടു​ക​ളൊ​ന്നും അ​നു​വ​ദി​ച്ചി​ട്ടി​ല്ല.

നി​ര്‍​ദി​ഷ്ട സ​മ​യ​ത്ത് ഹൈ​വേ​യു​ടെ പ്ര​വൃ​ത്തി പൂ​ര്‍​ത്തി​യാ​ക്കാ​നാ​യി​ല്ലെ​ങ്കി​ല്‍ മ​ഴ​ക്കാ​ലം തു​ട​ങ്ങു​ന്ന​തോ​ടെ ഇ​തു​വ​ഴി കാ​ല്‍​ന​ട​യാ​ത്ര​പോ​ലും സാ​ധി​ക്കാ​ത്ത നി​ല​യാ​കും. ജൂ​ണ്‍ ആ​ദ്യ​വാ​ര​ത്തോ​ടെ ഈ ​ഭാ​ഗ​ത്തെ പ​ണി പൂ​ര്‍​ത്തി​യാ​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് വ​നം​വ​കു​പ്പി​ന്‍റെ ത​ട​സ​വാ​ദ​ത്തി​ല്‍ ത​ട്ടി നി​ന്നു​പോ​യി​രി​ക്കു​ന്ന​ത്.

പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ലെ കോ​ളി​ച്ചാ​ല്‍ മു​ത​ല്‍ ബ​ന്ത​ടു​ക്ക വ​രെ​യു​ള്ള ഒ​ന്പ​തു കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ലെ നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. ഇ​തി​നുശേ​ഷ​മു​ള്ള ഭാ​ഗ​ത്തെ പ്ര​വൃ​ത്തി​യാ​ണ് സ്തം​ഭ​നാ​വ​സ്ഥ​യി​ലാ​യ​ത്.