മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ള്‍​; കരുതലോടെ ആരോഗ്യവകുപ്പ്
Sunday, June 16, 2019 2:20 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യു​ടെ കി​ഴ​ക്ക​ന്‍​മേ​ഖ​ല​ക​ളി​ല്‍ പ​നി ബാ​ധി​ത​രു​ടെ എ​ണ്ണം വ​ര്‍​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ള്‍​ക്കെ​തി​രേ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജ്ജി​ത​മാ​ക്കി ആ​രോ​ഗ്യ വ​കു​പ്പ്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ഡെ​ങ്കി​പ്പ​നി കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​നു​ള്ള സാ​ധ്യ​ത പ​രി​ഗ​ണി​ച്ച് ഫോ​ഗി​ംഗ്-​ഉ​റ​വി​ട​ന​ശീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ഗൃ​ഹ​സ​ന്ദ​ര്‍​ശ​നം, തോ​ട്ട ​മേ​ഖ​ല​ക​ള്‍, മ​റ്റ് പൊ​തു​സ്ഥ​ല​ങ്ങ​ള്‍ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ശു​ചീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, കൊ​തു​ക്-​കൂ​ത്താ​ടി ന​ശീ​ക​ര​ണം എ​ന്നി​വ​യും ന​ട​ന്നു​വ​രി​ക​യാ​ണ്. ഈ ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ക്കാ​ത്ത തോ​ട്ടം ഉ​ട​മ​ക​ള്‍​ക്കെ​തി​രേ പൊ​തു​ജ​നാ​രോ​ഗ്യ നി​യ​മ​പ്ര​കാ​രം ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. വാ​ര്‍​ഡ് ത​ല സാ​നി​റ്റേ​ഷ​ന്‍ ക​മ്മി​റ്റി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​യി വി​ല​യി​രു​ത്തും.
ജി​ല്ല​യി​ലെ എ​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലും പ്ര​ത്യേ​ക പ​നി വാ​ര്‍​ഡു​ക​ള്‍ സ​ജ്ജീ​ക​രി​ക്കു​ക​യും അ​വ​ശ്യ​മ​രു​ന്നു​ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പു വ​രു​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലും ആ​ര്‍​ആ​ര്‍​ടി രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ 24 മ​ണി​ക്കൂ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ള്‍ റൂം ​ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ല്‍ സ​ജ്ജ​മാ​ണ്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 0467-2207777.

ഡെ​ങ്കിപ്പ​നി
ല​ക്ഷ​ണ​ങ്ങ​ൾ

പ​നി​യോ​ടൊ​പ്പം ത​ല​വേ​ദ​ന, ക​ണ്ണി​നു പു​റ​കി​ൽ വേ​ദ​ന, പേ​ശി വേ​ദ​ന, സ​ന്ധി​വേ​ദ​ന എ​ന്നി​വ​യാ​ണ് ഡെ​ങ്കി​പ്പനി​യു​ടെ പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ള്‍. ഭൂ​രി​ഭാ​ഗം പേ​ര്‍​ക്കും സാ​ധാ​ര​ണ വൈ​റ​ല്‍ പ​നി (ജ​ല​ദോ​ഷ പ​നി) പോ​ലെ​യു​ള്ള ല​ക്ഷ​ണ​ങ്ങ​ള്‍ കാ​ണാ​റു​ണ്ട്.
3-4 ദി​വ​സം പ​നി​ക്കു​ക​യും തു​ട​ര്‍​ന്ന് പ​നി കു​റ​യു​ക​യും അ​തേ​സ​മ​യം ക്ഷീ​ണം വ​ര്‍​ധി​ക്കു​ക ,വ​യ​റു​വേ​ദ​ന, ഛര്‍​ദി, ശ​രീ​ര​ഭാ​ഗ​ങ്ങ​ളി​ല്‍ ചു​വ​ന്ന പൊ​ട്ടു​ക​ള്‍ പോ​ലെ കാ​ണ​പ്പെ​ടു​ക, വി​വി​ധ അ​വ​യ​വ​ങ്ങ​ളി​ല്‍ ര​ക്ത​സ്രാ​വം, ബോ​ധാ​വ​സ്ഥ​യി​ൽ മാ​റ്റ​ങ്ങ​ള്‍ പ്ര​ത്യ​ക്ഷ​പ്പെ​ടു​ക, ത​ല​ക​റ​ക്കം തു​ട​ങ്ങി​യ​വ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണ്.