തലശേരി: തലശേരി അതിരൂപതയുടെ ആഭിമുഖ്യത്തിൽ ഡിസംബർ ഒമ്പതിന് കണ്ണൂരിൽ നടക്കുന്ന കർഷകസംഗമം മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങൾക്ക് പിന്തുണയുമായി കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ജനപ്രതിനിധികൾ തലശേരി ആർച്ച്ബിഷപ്സ് ഹൗസിൽ ഒന്നിച്ചുചേർന്നു. ആർച്ച്ബിഷപ് മാർ ജോർജ് ഞരളക്കാട്ട് ഉദ്ഘാടനം ചെയ്ത യോഗത്തിൽ കെ മുരളീധരൻ എംപി, എംഎൽഎമാരായ കെ.സി. ജോസഫ്, സണ്ണി ജോസഫ്, പി.ജെ. ജോസഫ്, ജെയിംസ് മാത്യു, ടി.വി. രാജേഷ്, എ.എൻ. ഷംസീർ എന്നിവരും കാസർഗോഡ് ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പും പങ്കെടുത്തു. കർഷകസമരം മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങളായ കാർഷികവിളകൾക്ക് ഉയർന്ന അടിസ്ഥാനവില ഏർപ്പെടുത്തുക, വന്യമൃഗശല്യത്തിൽനിന്നു സംരക്ഷണം നല്‍കുക, കർഷക പെൻഷൻ ഉയർത്തുക, കാർഷികകടങ്ങൾ എഴുതിത്തള്ളുക, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വർഷത്തിൽ നൂറ് തൊഴിൽ ദിനങ്ങളിലെ വേതനം കർഷകനു നൽകുക തുടങ്ങിയ നിർദേശങ്ങളെ പിന്തുണക്കുമെന്ന് നേതാക്കൾ ഉറപ്പു നൽകി.
അഭിമാനത്തോടെ ജീവിക്കാൻ സാധിക്കാത്ത അവസ്ഥയിലെത്തി ആത്മഹത്യയെ അഭയം പ്രാപിക്കുന്ന കർഷകരുടെ എണ്ണം വർധിച്ചുവരുന്നുവെന്നും ഗവണ്മെന്റുകൾ കർഷകപ്രശ്നങ്ങൾ ഗൗരവത്തോടെയെടുക്കാത്തത് അപലപനീയമാണെന്നും കെ. മുരളീധരൻ എംപി പറഞ്ഞു. ലോക്സഭയിൽ കർഷകരുടെ ആകുലതകൾ അറിയിക്കുമെന്നും മറ്റ് എംപിമാരോടൊപ്പം പ്രധാനമന്ത്രിയുടെയും മറ്റ് കേന്ദ്രമന്ത്രിമാരുടെയും അടുത്ത് കർഷകരുടെ ആവശ്യങ്ങൾ ഉന്നയിക്കാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
കർഷകർ അതി ഭീകരമായ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഇന്നത്തെ സാഹചര്യത്തിൽ അരെങ്കിലും ഈ വിഷയം ഉയർത്തിക്കൊണ്ടുവരേണ്ടത് ആവശ്യമാണെന്നും തലശേരി അതിരൂപത നടത്തുന്ന സമയോചിതമായ ഇടപെടലിന് പൂർണ്ണ പിന്തുണ നല്‍കുന്നുവെന്നും കെ.സി. ജോസഫും സണ്ണി ജോസഫും പറഞ്ഞു.
എല്ലാ രാഷ്ട്രീയകക്ഷികളും പിന്തുണക്കുമെന്നാണ് പ്രതീക്ഷയെന്നും അവർ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്നുണ്ടായിട്ടുള്ള കാർഷികവിളകളുടെ നാശത്തെക്കുറിച്ച് വിദഗ്ദ പഠനം നടത്തേണ്ടത് ആവശ്യമാണ്. വന്യമൃഗശല്യത്തെക്കുറിച്ച് നിയമസഭയിൽ പറഞ്ഞപ്പൊഴൊക്കെ വനം മന്ത്രി ഒരേ ഉത്തരം ആവർത്തിച്ചു പറയുന്നതല്ലാതെ ഒരു നടപടിയും സ്വീകരിക്കുന്നില്ല. അതുകൊണ്ട് കർഷകർ സർക്കാരിൽ സമ്മർദം ചെലുത്തണമെന്ന് അവർ പറഞ്ഞു.
കാർഷികവിളകൾക്ക് മിനിമം വില ഉറപ്പാക്കാൻ സർക്കാർ തയാറാകണമെന്നും കാർഷികരംഗത്തെ പ്രതിസന്ധികൾക്ക് ബദൽ പരിഹാരങ്ങൾ കണ്ടെത്തണമെന്നും പി.ജെ. ജോസഫ് ആവശ്യപ്പെട്ടു. മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കാനുള്ള കേന്ദ്രങ്ങൾ ആരംഭിക്കുക, പരന്പരാഗത വിളകൾക്കു പകരം പുതിയ വിളകളും കൃഷിരീതികളും പരീക്ഷിക്കുക തുടങ്ങിയ നിർദേശങ്ങളും അദ്ദേഹം മുന്നോട്ടു വച്ചു.
കർഷകന് തോട്ടവിളകൾ മാറി ചെയ്യാൻ സാധിക്കുന്ന വിധത്തിൽ ഭൂപരിധി നിയമവും തോട്ടനിയമവും മാറ്റണമെന്ന് ജെയിംസ് മാത്യു പറഞ്ഞു. അനിയന്ത്രിതമായി പെരുകുന്ന കാട്ടുപന്നി പോലുള്ള മൃഗങ്ങളെ വേട്ടയാടാൻവേണ്ട നിയമനിർമാണം അടിയന്തരമായി ഉണ്ടാകണമെന്നും അതിന് ജനങ്ങളുടെ സമ്മർദം ആവശ്യമാണെന്നും ടി.വി. രാജേഷും എ.എൻ. ഷംസീറും പറഞ്ഞു.
കർഷകരുടെ ആവശ്യങ്ങൾ ന്യായമാണെന്നും തലശേരി അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിന് സമാനമായ സമരങ്ങൾ ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലും നടത്തുമെന്ന് അവർ അറിയിച്ചു.
നേരിട്ടെത്താൻ കഴിയാതിരുന്ന മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, കെ. സുധാകരൻ എംപി, രാജ്മോഹൻ ഉണ്ണിത്താൻ എംപി, എന്നിവരും ആർച്ചുബിഷപ്പിനെ വിളിച്ച് പിന്തുണ അറിയിച്ചു.
അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി സ്വാഗതം പറഞ്ഞു. വികാരി ജനറാൾമാരായ മോണ്‍. അലക്സ് താരാമംഗലം, മോണ്‍. ജോസഫ് ഒറ്റപ്ലാക്കൽ, കർഷക പ്രക്ഷോഭസമിതി കണ്‍വീനർ ഫാ. മാത്യു ആശാരിപറന്പിൽ, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ജോർജ് തയ്യിൽ, എകെസിസി അതിരൂപത പ്രസിഡന്റ് ദേവസ്യ കൊങ്ങോല, കുടുംബക്കൂട്ടായ്മ അതിരൂപത പ്രസിഡന്റ് ഡോ. മാത്യു മണ്ഡപത്തിൽ, അതിരൂപതാ കേന്ദ്രത്തിലെ വൈദികർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.