ആ​ഫ്രി​ക്ക​യു​ടെ വി​ശ​പ്പ​ക​റ്റാ​ന്‍ കാ​ഞ്ഞ​ങ്ങാ​ട്ടു​കാ​രി​യു​ടെ ആ​ശ​യം
Tuesday, February 18, 2020 1:17 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സ്വ​പ്ന​ങ്ങ​ള്‍​ക്ക് അ​തി​ര്‍​ത്തി​ക​ള്‍ ക​ൽ​പ്പി​ക്കാ​തെ സ്വ​ത​ന്ത്ര​മാ​യി ചി​ന്തി​ച്ചു വ​ള​ര്‍​ന്ന​പ്പോ​ള്‍, കാ​ഞ്ഞ​ങ്ങാ​ട്ടു​കാ​രി ന​വ്യ നാ​രാ​യ​ണ​ന്‍റെ ലോ​ക​വും അ​തി​ര്‍​ത്തി​ക​ള്‍ ക​ട​ന്നു​വ​ള​ര്‍​ന്നു.
ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യും ഇ​ന്തോ​നേ​ഷ്യ​ന്‍ സ​ര്‍​ക്കാ​റും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച മോ​ഡ​ല്‍ യു​ണൈ​റ്റ​ഡ് നേ​ഷ​ന്‍ പാ​ര്‍​ട്ട് മൂ​ന്നി​ല്‍ കേ​ര​ള​ത്തി​ല്‍ നി​ന്നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട് ഇ​ന്തോ​നേ​ഷ്യ​യി​ലെ ബാ​ലി​യി​ല്‍ പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ച മ​ല​യാ​ളി​കളാ​യ അ​ഞ്ചു​പേ​രി​ല്‍ ഒ​രാ​ളാ​ണ് ന​വ്യ നാ​രാ​യ​ണ​ന്‍.
ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​മാ​യ സെ​ന്‍​ട്ര​ല്‍ ആ​ഫ്രി​ക്ക​ന്‍ റി​പ്പ​ബ്ലി​ക്കി​ലെ ജ​ന​ങ്ങ​ളു​ടെ വി​ശ​പ്പ​ക​റ്റാ​ന്‍ എ​ന്തൊ​ക്കെ ചെ​യ്യാം എ​ന്ന​താ​യി​രു​ന്നു ന​വ്യ​യ്ക്ക് ലോ​ക ഭ​ക്ഷ്യസം​ഘ​ട​ന പ്ര​ബ​ന്ധ അ​വ​ത​ര​ണ​ത്തി​ന് ന​ൽ​കി​യ വി​ഷ​യം.
സെ​ന്‍​ട്ര​ല്‍ ആ​ഫ്രി​ക്ക​ന്‍ റി​പ്പ​ബ്ലി​ക്കി​ല്‍ ല​ഭ്യ​മാ​യ വി​ഭ​വ​ങ്ങ​ള്‍ വ്യ​ക്തി കേ​ന്ദ്രീ​കൃ​ത​മാ​യി അ​നു​വ​ദി​ച്ചു പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ലാ​ക്കി​യാ​ല്‍ അവി​ടു​ത്തെ വി​ശ​പ്പ​ക​റ്റാ​ന്‍ ക​ഴി​യു​മെ​ന്നു ന​വ്യ സ​മ​ര്‍​ഥി​ക്കു​ന്നു. ന​വ്യ അ​വ​ത​രി​പ്പി​ച്ച പ്ര​ബ​ന്ധം ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ലേ​ക്ക് സ​മ​ര്‍​പ്പി​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടാ​ല്‍ ന​വ്യ​യു​ടെ ആ​ശ​യം സെ​ന്‍​ട്ര​ല്‍ ആ​ഫ്രി​ക്ക​ന്‍ റി​പ​ബ്ലി​ക്കി​ല്‍ ന​ട​പ്പി​ലാ​ക്കും.
സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍​ഡ് ജി​ല്ലാ യു​വ​ജ​ന​കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കാ​ഞ്ഞ​ങ്ങാ​ട് മു​നി​സി​പ്പ​ല്‍ ടൗ​ണ്‍ ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച അ​നു​മോ​ദ​ന​സ​ദ​സി​ല്‍ മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ ന​വ്യ​യെ അ​നു​മോ​ദി​ച്ചു.
കാ​ഞ്ഞ​ങ്ങാ​ട് ആ​ലാ​മി​പ്പ​ള്ളി ന​ന്ദ​ന​ത്തി​ല്‍ നാ​രാ​യ​ണ​ന്‍ മു​തി​യ​ക്കാ​ലി​ന്‍റെ​യും കെ.​വി. ബി​ന്ദു​വി​ന്‍റെ​യും മ​ക​ളാ​ണ് ന​വ്യ. കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല തി​രു​വ​ന​ന്ത​പു​രം കാ​മ്പ​സി​ലെ ബി​എ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ റി​ലേ​ഷ​ന്‍​സ് മൂ​ന്നാം​വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​നി​യാ​ണ്. ഡി​ഗ്രി പ​ഠ​ന​ത്തോ​ടൊ​പ്പം സി​വി​ല്‍ സ​ര്‍​വീ​സ് പ​രി​ശീ​ല​ന​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രു​ക്കു​ന്ന ന​വ്യ​യു​ടെ ജീ​വി​താ​ഭി​ലാ​ഷം ഐ​എ​ഫ്എ​സ് നേ​ടു​ക​യെ​ന്ന​താ​ണ്.