കൊല്ലം: ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത വാഹന പണിമുടക്ക് ജില്ലയിൽ ഏറെക്കുറെ പൂർണം. സ്വകാര്യബസുകളും ഓട്ടോറിക്ഷകളും ടാക്സി, ടെന്പോ എന്നിവ ഓടിയില്ല.
എന്നാൽ കെഎസ്ആർടിസി ബസുകൾ ഭാഗികമായി സർവീസ് നടത്തിയെങ്കിലും യാത്രക്കാരുടെ എണ്ണം കുറവായിരുന്നു. ഓടിയ ബസുകൾ സമരാനുകൂലികൾ തടഞ്ഞതുമില്ല. അതേസമയം സ്വകാര്യ വാഹനങ്ങൾ എണ്ണത്തിൽ കൂടുതൽ നിരത്തിലിറങ്ങുകയും ചെയ്തു.
പണിമുടക്കിന്റെ പശ്ചാത്തലത്തിൽ കൊല്ലം നഗരത്തിലടക്കം പലയിടത്തും കുറെയധികം കടകൾ അടഞ്ഞുകിടന്നു. ചില ഹോട്ടലുകളും തുറന്നില്ല. തുറന്ന തുണിക്കടകളിലടക്കം കാര്യമായ തിരക്ക് ഉണ്ടായില്ല. വഴിയോര കച്ചവടവും നിർജീവമായിരുന്നു. നഗരങ്ങളിൽ നിരത്തുകളിൽ കാൽനട യാത്രികരുടെ എണ്ണവും കുറവായിരുന്നു.
പുനലൂർ: മോട്ടോർ വാഹന പണിമുടക്ക് കിഴക്കൻ മേഖലയിൽ ഭാഗികം. കെഎസ്ആർടിസി ചില സർവീസുകൾ നടത്തി. സ്വകാര്യ വാഹനങ്ങളും നിരത്തിലുണ്ടായിരുന്നു.
ഓട്ടോറിക്ഷകളും സവാരി നടത്തി. കടകമ്പോളങ്ങൾ തുറന്നു പ്രവർത്തിച്ചു. യൂണിയനുകളുടെ നേതൃത്വത്തിൽ പുനലൂരിൽ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചു. ഐഎൻടിയുസിയും സംയുക്ത തൊഴിലാളി യൂണിയനും നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
പുനലൂർ: വാഹന പണിമുടക്കിന്റെ ഭാഗമായി പുനലൂരിൽ ഓട്ടോറിക്ഷാ തൊഴിലാളികളുടെ നേതൃത്വത്തിൽ സംയുക്ത സമരസമിതി പ്രകടനവും യോഗവും നടത്തി. ഓട്ടോറിക്ഷ കെട്ടിവലിച്ചുകൊണ്ടായിരുന്നു തൊഴിലാളികൾ പട്ടണത്തിൽ പ്രകടനം നടത്തിയത്.
പുനലൂർ ചെമ്മന്തൂരിൽ നിന്ന് ആരംഭിച്ച പ്രകടനം മാർക്കറ്റ്, പോസ്റ്റ് ഓഫീസ്, കെഎസ്ആർടിസി ജങ്ഷൻ ചുറ്റി ടി ബി ജംഗ്ഷനിൽ സമാപിച്ചു. സി ഐ ടി യു ജില്ലാ കമ്മിറ്റി അംഗം എം എരാജഗോപാൽ യോഗം ഉദ്ഘാടനം ചെയ്തു.
എഐടിയുസി നേതാവ് നൗഷാദ് അധ്യക്ഷത വഹിച്ചു. ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ സി ഐ ടി യു ജില്ലാ കമ്മിറ്റി അംഗം ആർ അശോകൻ, ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ നേതാക്കളായ അജികുമാർ, മനോജ്, നാസർ, അബു, ഷെമീർ റോയി എന്നിവർ പ്രസംഗിച്ചു.
കൊട്ടാരക്കര: ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് കൊട്ടാരക്കരയിൽ മോട്ടോർ വാഹന മേഖലയിലെ തൊഴിലാളികൾ നടത്തിയ വാഹനപണിമുടക്ക് പൂർണമായിരുന്നു. ഓട്ടോ, ടാക്സി തൊഴിലാളികളും, പ്രൈവറ്റ് ബസ് തൊഴിലാളികളും പണിമുടക്കിൽ പങ്കെടുത്തു. രാവിലെ ചുരുക്കം ചില കെഎസ്ആർറ്റിസി ബസുകൾ സർവീസ് നടത്തിയെങ്കിലും പിന്നീട്് നിലച്ചു. വിവിധ ട്രേഡ് യൂണിയനുകളായ സിഐറ്റിയൂ, എഐറ്റിയൂസി, ഐഎൻറ്റിയൂസി, കെറ്റിയുസി(ബി ), യുറ്റിയുസി എന്നി തൊഴിലാളി സംഘടനകൾ പണി മുടക്കിൽ പങ്കെടുത്തു.
പണി മുടക്കിനു പിന്തുണ അറിയിച്ച് ടൗണിൽ പ്രകടനം നടന്നു. പുലമൺ ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനം ചന്തമുക്കിലെത്തി തിരികെ പുലമണിൽ സമാപിച്ചു. വിവിധ സംഘടനാ നേതാക്കൾ ആയ സി. മുകേഷ്, രവീന്ദ്രൻ നായർ, ഡി. രാമകൃഷ്ണപിള്ള, വി. ഫിലിപ്പ്, പെരുംകുളം സുരേഷ്, പ്രശാന്ത് കാവുവിള, പി. കെ. ജോൺ സൺ, ശിവൻ പിള്ള, അനിൽ കുമാർ, നെല്ലിക്കുന്നം സാബു, ഉദയകുമാർ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
അഞ്ചല്‍ : ഇന്ധന വില വര്‍ധനവിനെതിരെ ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് അഞ്ചല്‍ അടക്കം കിഴക്കം മേഖലയില്‍ ഏറെക്കുറെ പൂര്‍ണമായിരുന്നു.
കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍, ടാക്സികള്‍ അടക്കം പൊതുഗതാഗതം സംവിധാനങ്ങള്‍ ഒന്നും തന്നെ സര്‍വീസ് നടത്തിയില്ല. എന്നാല്‍ രാവിലെ മുതല്‍ തന്നെ ധാരാളമായി സ്വകാര്യ വാഹനങ്ങള്‍ നിരത്തില്‍ സജീവമായിരുന്നു.
സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ തുടങ്ങിയവ തുറന്നു പ്രവര്‍ത്തിച്ചുവെങ്കിലും ചിലയിടങ്ങളിലെ ഹാജര്‍ കുറവായിരുന്നു. പണിമുടക്കിയ തൊഴിലാളികള്‍ അഞ്ചലിലെ പ്രതിഷേധ പ്രകടനം നടത്തി. ഓട്ടോറിക്ഷ തൊഴിലാളികള്‍ ഓട്ടോറിക്ഷയും, ബസ് തൊഴിലാളികള്‍ ടൂറിസ്റ്റ് ബസും കെട്ടിവലിച്ചുകൊണ്ടാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്.
ആര്‍ഒ ജംഗ്ഷനില്‍ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ചന്തമുക്കില്‍ സമാപിച്ചു. നൂറുകണക്കിന് തൊഴിലാളികള്‍ സമരത്തില്‍ പങ്കെടുത്തു.