കൊല്ലം: മാലിന്യം സമ്പത്താക്കി മാറ്റി ക്ലീന്‍ സിറ്റിയെന്ന ലക്ഷ്യം സാധ്യമാക്കുമെന്ന് മേയര്‍ പ്രസന്ന ഏണസ്റ്റ്. കുരീപ്പുഴയില്‍ ബയോമൈനിംഗിലൂടെ വേര്‍തിരിച്ചെടുക്കുന്ന മാലിന്യത്തില്‍ നിന്നുള്ള ഉപോത്പന്നമായ സിമന്റ് ഫാക്ടറികള്‍ക്ക് കൈമാറുന്ന പദ്ധതിയുടെ ഉദ്ഘാടനവും ഫ്ളാഗ് ഓഫും നിര്‍വഹിക്കുകയായിരുന്നു മേയര്‍.
3000 ടണ്‍ മാലിന്യമാണ് ആദ്യഘട്ടത്തില്‍ വേര്‍തിരിച്ച് കല്‍ക്കരിക്കും വിറകിനും പകരമായ ഇന്ധനമായി ഉപയോഗിക്കാന്‍ പര്യാപ്തമാക്കിയത്. ഇതേ മാതൃക പിന്തുടര്ന്നാല് ഒരു വര്‍ഷത്തിനകം മാലിന്യ കൂമ്പാരം ഇവിടെ നിന്ന് നീക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വീടുകളില്‍ തന്നെ ഉറവിട മാലിന്യ സംസ്കരണം സാധ്യമാക്കുന്നതിനായി സംവിധാനവും ഒരുക്കുന്നു. ഇതിന്റെ ഭാഗമായി ഈ മാസം 31 നകം 40 ബയോഗ്യാസ് പ്ലാന്റുകള്‍ കൂടി ലഭ്യമാക്കുകയാണ് എന്നും മേയര്‍ വ്യക്തമാക്കി.
ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു അധ്യക്ഷനായി. എംഎല്‍എമാരായ എം.മുകേഷ്, ഡോ.സുജിത്ത് വിജയന് പിള്ള, കോര്പറേഷന് സ്റ്റാന്‍ഡിംഗ് കമ്മിറ്റികളുടെ അധ്യക്ഷരായ ഗീതാകുമാരി, എസ്.ജയന്, ജി. ഉദയകുമാര്‍, എ.കെ.സവാദ്, യു. പവിത്ര, സവിതാദേവി, ഹണി, വാര്‍ഡ് കൗണ്‍സിലര്‍ ശ്രീലത, മറ്റു ജനപ്രതിനിധികള്‍, അഡീഷണല്‍ സെക്രട്ടറി എ. എസ്. ശ്രീകാന്ത്, സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ എം. എസ്. ലത, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എഞ്ചിനീയര്‍ പി. സിമി, അസിസ്റ്റന്റ് എൻജിനീയര്‍ സന്തോഷ്, ഹെല്‍ത്ത് സൂപര്‍വൈസര്‍ രാംകുമാര്‍, സിഗ്മ ഗ്ലോബല്‍ മാനേജിംഗ് ഡയറക്ടര്‍ നാഗേഷ് പ്രഭു തുടങ്ങിയവര്‍ പങ്കെടുത്തു.