കരുനാഗപ്പള്ളി : ജലാശയങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ട് ശുചിത്വ മിഷൻന്റെ സഹകരണത്തോടെ തദ്ദേശ സ്ഥാപനങ്ങൾ വഴി നടപ്പാക്കുന്ന തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി നഗരസഭയിൽ സംഘടിപ്പിച്ച ജല നടത്തവും ജലസഭയും ശ്രദ്ധേയമായി.
പണിക്കരുകടവിൽ നിന്നും ആരംഭിച്ച ജലനടത്തം നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു ഉദ്ഘാടനം ചെയ്തു. തുടർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ടി എസ് കനാലിന്റേയും മറ്റ് ജലസ്രോതസുകളുടേയും ഓരത്തുകൂടി നടത്തിയ ജല നടത്തത്തിൽ നൂറുകണക്കിന് പേർ പങ്കെടുത്തു.
കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ സേനാംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ യാത്രയിൽ അണിചേർന്നു. ജലയാത്ര ആലുംകടവ് മണ്ണേൽകടവിൽ സമാപിച്ചു. തുടർന്ന് ചേർന്ന ജലസഭ കവി ഇഞ്ചക്കാട് ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷ ഡോ. പി മീന, വൈസ് ചെയർപേഴ്സൺ സുനിമോൾ, സ്ഥിരം സമിതി അധ്യക്ഷരായ എം ശോഭന, ഇന്ദുലേഖ, എൽ. ശ്രീലത, പടിപ്പുര ലത്തീഫ്, നഗരസഭാ കൗൺസിലർമാരായ സീമാ സഹജൻ, സിംലാൽ, എം അൻസാർ, സതീഷ് തേവനത്ത്, നഗരസഭാ സെക്രട്ടറി എ ഫൈസൽ, സി ഡി എസ് ചെയർപേഴ്സൺ ഷീബ, സൂപ്രണ്ട് വിനോദ്, നഗരസഭാ കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.