കൊല്ലം: നബാർഡ് സഹായത്തോടെ കൃഷി വകുപ്പിന്റെ മേൽനോട്ടത്തിൽ പ്രവർത്തിച്ചു വരുന്ന പാലരുവി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ കേരളത്തിൽ ആദ്യമായി സുരക്ഷിത പച്ചക്കറി കൃഷി ആരംഭിക്കുന്നതിനുള്ള പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് എഴുകോൺ പുളിയറയിൽ കമ്പനിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് മന്ത്രി കെ. എൻ. ബാലഗോപാൽ നിർവഹിക്കും.
ഓണക്കാലത്ത് വിപണനം ചെയ്യാനുള്ള പച്ചക്കറിയാണ് ഇവിടെ കൃഷി ചെയ്യുന്നത്. ഗവൺമെന്റ് ഓഫ് ഇന്ത്യ നിർദ്ദേശിച്ചിട്ടുള്ള ഇൻഡ് ഗ്യാപ്പ് സ്റ്റാൻഡേർഡിൽ കേരളത്തിൽ ആദ്യമായാണ് ഇത്തരത്തിലൊരു കൃഷി ആരംഭിക്കുന്നത്. പ്രദർശനതോട്ടത്തിന് പുറമേ കമ്പനി അംഗങ്ങളായ ആയിരം കർഷകർ ഇത്തരത്തിലുള്ള കൃഷിയിലേക്ക് രംഗത്തുവരുമെന്ന് കമ്പനി ചെയർമാൻ ബിജു കെ മാത്യു അറിയിച്ചു.
പാവൽ, പടവലം,മത്തൻ, പയർ, വഴുതന, വെണ്ട, ചീര, മുളക്, വെള്ളരി തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്യുന്നത്. പുളിയറ വാർഡ് കുടുംബശ്രീ എഡിഎസ് നേതൃത്വത്തിൽ രൂപീകരിച്ച ആക്ടിവിറ്റി ഗ്രൂപ്പ് ആണ് കൃഷി പരിപാലനം നിർവഹിക്കുന്നത്.
കൊല്ലം എൻ എസ് സഹകരണ ആശുപത്രിയിൽ കണ്ടെയ്നർ മോഡ് സെയിൽസ് ഔട്ട് ലെറ്റ് സ്ഥാപിക്കുന്നതിന് കമ്പനി തീരുമാനിച്ചിട്ടുണ്ട്. ഓണകാലത്തോട് അനുബന്ധിച്ച് ഇത് പ്രവർത്തനസജ്ജമാകും. ജില്ലയിലാകെ ആരംഭിക്കുന്ന വിപണന കേന്ദ്രങ്ങൾ വഴിയുമാണ് സുരക്ഷിത പച്ചക്കറി വിപണനം ഉറപ്പാക്കുക.
എൻഎസ് സഹകരണ ആശുപത്രി പ്രസിഡന്റ് പി. രാജേന്ദ്രൻ, കമ്പനി ചെയർമാൻ ബിജു കെ. മാത്യു, സിഇഒ അഖിൽ ജി. ആർ, ഡയറക്ടർമാരായ സി. ബാൾഡുവിൻ, വി. കെ. അനിരുദ്ധൻ, എൻ. എസ്. പ്രസന്നകുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമാ ലാൽ, എഴുകോൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രതീഷ് കിളിത്തട്ടിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കനകദാസ്, ഗ്രാമപഞ്ചായത്ത് മെമ്പർ സുധർമ്മ ദേവി, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ജയശ്രീ. ബി , കൃഷി ഓഫീസർ ആതിര തുടങ്ങിയവർ പങ്കെടുക്കും.