കൊല്ലം: കർഷകർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ പ്രയോജനപ്രദമാകുന്ന രീതിയിൽ കാർഷിക മൂല്യവർധിത ഉത്പന്നങ്ങൾക്ക് മികച്ച വിപണി ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി കെ. എൻ. ബാലഗോപാൽ.
സുരക്ഷിത പച്ചക്കറി കൃഷി ആരംഭിക്കുന്നതിനായി ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി പാലരുവി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ നടന്ന വിള നടീൽ ഉത്സവത്തിന്റെ ഉദ്ഘാടനം എഴുകോൺ പുളിയറയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതിയിലൂടെ സുരക്ഷിത-പോഷക സമൃദ്ധ പച്ചക്കറിക്കളുടെ ലഭ്യത ഉറപ്പാക്കും.കാർഷിക മേഖലയിൽ സ്വയം പര്യാപ്ത കൈവരിക്കാൻ പൂർണ പിന്തുണ നൽകും . ഉത്പന്നങ്ങൾക്ക് മികച്ച വിപണി കണ്ടെത്തുന്നതിലൂടെ ഉത്പാദനമൂല്യം കൂട്ടാനും മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
നബാർഡ് സഹായത്തോടെ കൃഷിവകുപ്പിന്റെ മേൽനോട്ടത്തിലാണ് പദ്ധതി ജില്ലയിൽ നടപ്പിലാക്കുന്നത്. ഓണക്കാലത്ത് വിപണനം ചെയ്യാനുള്ള പച്ചക്കറി കൃഷിയ്ക്കാണ് വിള നടീൽ ഉത്സവത്തിലൂടെ തുടക്കമായത്.
പാവൽ, പടവലം, മത്തൻ, പയർ, വഴുതന, വെണ്ട, ചീര, മുളക്, വെള്ളരി തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്യുന്നത്. പുളിയറ വാർഡ് കുടുംബശ്രീ എഡിഎസിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ആക്ടിവിറ്റി ഗ്രൂപ്പ് ആണ് കൃഷി പരിപാലിക്കുന്നത്.
ചടങ്ങിൽ പാലരുവി ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി ലിമിറ്റഡ് ചെയർമാൻ ബിജു കെ. മാത്യു അധ്യക്ഷത വഹിച്ചു.
ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. സുമാലാൽ, എഴുകോൺ പഞ്ചായത്ത് പ്രസിഡന്റ് രതീഷ് കിളിത്തട്ടിൽ, കപേക്സ് ചെയർമാൻ എം. ശിവശങ്കരാപിള്ള, എൻ.എസ് സഹകരണ ആശുപത്രി വൈസ് പ്രസിഡന്റ് മാധവൻ പിള്ള, കമ്പനി സിഇഒ ജി.ആർ അഖിൽ, കമ്പനി ഡയറക്ടർമാരായ എൻ.എസ് പ്രസന്നകുമാർ, പി. കെ ജയപ്രകാശ്, വി.സന്ദീപ്, വി.രാധാകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് അംഗം രഞ്ജിനി അജയൻ, പ്രീത കനക രാജൻ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ബി.ജയശ്രീ, രാഷ്ട്രീയ കക്ഷി പ്രവർത്തകർ, കർഷകർ, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.