അഴീക്കല്‍ ബീച്ചിലെ നടപ്പാതയും പാറയും തകര്‍ന്നു
1224685
Sunday, September 25, 2022 11:18 PM IST
ആലപ്പാട് : അഴീക്കല്‍ ബീച്ചിലെ നടപ്പാത തകര്‍ന്നും നടപ്പാതയിലെ സ്തംഭങ്ങളുടെ അടിഭാഗത്തെ പാറകള്‍ തകര്‍ന്നും അപകടാവസ്ഥയില്‍. മണല്പ്പരപ്പുകള് പൂര്‍ണമായും കടലെടുത്തിരിക്കുകയാണ്. നൂറുകണക്കിന് സന്ദര്‍ശകരാണ് ദിവസവും ബീച്ചിലെത്തുന്നത്. അവധിദിനങ്ങളില്‍ സന്ദര്‍ശകരുടെ തിരക്ക് വളരെക്കൂടുതലാണ്.
നടപ്പാതയില്‍ ഒന്നിടവിട്ട് സ്ഥാപിച്ചിരിക്കുന്ന സ്തംഭങ്ങള്‍ ഏതുസമയത്തും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. ഇത് സന്ദര്‍ശകരെ ആശങ്കയിലാക്കുന്നു. നടപ്പാതകളും സ്തംഭങ്ങളും ശക്തമാക്കേണ്ടത് അടിയന്തര ആവശ്യമാണെന്ന് ബീച്ചിലെത്തുന്നവര്‍ പറഞ്ഞു. ഉയരവിളക്ക് കത്താതായിട്ടു മാസങ്ങളായി. സ്വകാര്യസ്ഥാപനത്തിന്റെ സ്പോണ്സര്ഷിപ്പില് നടപ്പാതയില്‍ ഒന്നിടവിട്ട് സ്ഥാപിച്ച വിളക്കുകള്‍ എല്ലാം മിഴിയടച്ചിട്ടു കാലങ്ങളായി.
സന്ധ്യകഴിഞ്ഞാല്‍ ബീച്ചും പരിസരവും ഇരുട്ടിലാണ്. കെ.സി.വേണുഗോപാല്‍ എംപി ആയിരുന്നപ്പോള്‍ ഒരുകോടി രൂപ അനുവദിച്ചാണ് ബീച്ച് യാഥാര്‍ഥ്യമാക്കിയത്. അന്നത്തെ ഫണ്ടില്‍ ബീച്ചിന് പ്രവേശനകവാടവും സന്ദര്‍ശകര്‍ക്കായി ഫെസിലിറ്റേഷന്‍ സൗകര്യവും ഒരുക്കാന്‍ എസ്റ്റിമേറ്റുണ്ടായിരുന്നിട്ടും നടപ്പാക്കിയില്ല.