പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം: മന്ത്രി
1225278
Tuesday, September 27, 2022 10:59 PM IST
കുണ്ടറ: പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് കുണ്ടറ ആശുപത്രി മുക്കിനും പെരുമ്പുഴയ്ക്കും ഇടയിലുള്ള റോഡിന്റെ നിര്‍മാണ പ്രവൃത്തി പുരോഗതി വിലയിരുത്തി കൊണ്ട് മന്ത്രി മുഹമ്മദ് റിയാസ് നിര്‍ദ്ദേശിച്ചു. ജംഗ്ഷന് വികസനം, നടപ്പാത എന്നിങ്ങനെ 16 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.
ജനങ്ങള്‍ക്ക് പ്രയോജനമാകുന്ന തരത്തില്‍ സമയബന്ധിതമായി പദ്ധതികള്‍ നടപ്പിലാക്കണം. മുഴുവന്‍ ഉദ്യോഗസ്ഥരും ഫീല്‍ഡ്തല പ്രവര്‍ത്തനം നടത്തണം. കുണ്ടറ ആശുപത്രിമുക്ക് - പെരുമ്പുഴ റോഡിന്റെ വശങ്ങളിലുള്ള കൈയേറ്റം ഒഴിപ്പിക്കുന്നതും നിര്‍മാണപ്രവൃത്തികള്‍ കാര്യക്ഷമമാക്കുന്നതിനും സ്ഥലം എംഎല്‍എ, ജില്ലാ കളക്ടര്‍ എന്നിവരുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.
നിര്‍മാണം പൂര്‍ത്തീകരിച്ച റോഡ് മുറിച്ച് പൈപ്പ് ഇട്ടതിന് ശേഷം അതേ നിലവാരത്തില്‍ തന്നെ റോഡ് ശരിയാക്കി നല്‍കുന്നതിന് വാട്ടര്‍ അതോറിറ്റിക്ക് നിര്‍ദേശം നല്കാന് ജലവിഭവ വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പൊതുമരാമത്ത് റോഡുകളില്‍ മറ്റ് വകുപ്പുകള്‍ നടത്തുന്ന എല്ലാ പ്രവൃത്തികളും വകുപ്പിന്റെ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. കൊല്ലം - ചെങ്കോട്ട ദേശീയപാതയിലെ സ്ഥലമേറ്റെടുക്കുന്നതിന് 25 ശതമാനം തുക സംസ്ഥാനം ചെലവഴിക്കുന്നത് പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശനത്തില്‍ പങ്കെടുത്തു.