പിഎഫ്ഐ നിരോധനം: കിഴക്കന്‍ മേഖല നിരീക്ഷണത്തില്‍
1225637
Wednesday, September 28, 2022 10:59 PM IST
അഞ്ചല്‍ : പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനത്തെ തുടര്‍ന്ന് ജില്ലയുടെ കിഴക്കന്‍ മേഖല നിരീക്ഷണത്തിലും ജാഗ്രതയിലുമാണ്. കിഴക്കന്‍ മേഖലയിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സ്വാധീന കേന്ദ്രങ്ങളായ കുളത്തുപ്പുഴ, അഞ്ചല്‍ അടക്കമുള്ള ഇടങ്ങളിലാണ് കനത്ത ജാഗ്രത തുടരുന്നത്.
ഇവിടങ്ങളില്‍ പിഎഫ്ഐയുടെ ഓഫീസ്, നേതാക്കള്‍ അടക്കമുള്ള പ്രധാന പ്രവര്‍ത്തകരുടെ നീക്കങ്ങള്‍ അടക്കം നിരീക്ഷിക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. അതേസമയം കരുതല്‍ തടങ്കല്‍, അറസ്റ്റ് എന്നിവയൊന്നും കിഴക്കന്‍ മേഖലയില്‍ നിന്നും ഉണ്ടായിട്ടില്ല. പ്രതിഷേധങ്ങളും ഉണ്ടായിട്ടില്ല. പോപ്പുലര്‍ ഫ്രണ്ടിന്റെ പേരില്‍ എങ്ങും ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നില്ല എന്നാണ് പോലീസ് നിഗമനം. അതുകൊണ്ട് തന്നെ ഓഫീസ് സീല്‍ ചെയ്യുകയടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ എങ്ങും നടന്നിട്ടില്ല.
അത്തരത്തില്‍ ഒരു നിര്‍ദേശം ലഭിച്ചിട്ടില്ലെന്ന വിവരമാണ് അധികൃതരില്‍ നിന്നും ലഭിക്കുന്നത്. പുനലൂര്‍ ഡിവൈഎസ്പി ബി വിനോദിന്റെ മേല്‍നോട്ടത്തില്‍ അതാത് എസ്എച്ച്ഒമാരുടെ നേതൃത്വത്തിലാണ് പ്രദേശങ്ങള്‍ നിരീക്ഷിച്ചുവരുന്നത്.