കനാലുകൾ കാടുമുടി: ഇഴജന്തുശല്യം രൂക്ഷം
1225655
Wednesday, September 28, 2022 11:02 PM IST
കൊട്ടാരക്കര: കല്ലട ജലസേചന പദ്ധതിയുടെ കനാലുകളും കനാൽ ഭൂമികളും കാടുമുടി. മനുഷ്യന് സഞ്ചരിക്കാൻ പോലും കഴിയാത്ത കാടാണ് രൂപപ്പെട്ടിട്ടുള്ളത്. കനാലുകൾ കേന്ദ്രീകരിച്ച് ഇഴജന്തുശല്യവും രൂക്ഷമായിട്ടുണ്ട്. കനാൽ കടന്നുപോകുന്ന പ്രദേശങ്ങളിൽ ഭയന്നു വേണം സഞ്ചരിക്കാൻ.
കനാൽ കാടുകൾ കേന്ദ്രീകരിച്ച് ഉഗ്രവിഷമുള്ള ഇഴജന്തുക്കളാണുള്ളത്. മലമ്പാമ്പുകൾ വരെ കനാൽ കാടുകളിലുണ്ട്. അടുത്തിടെ ചില സ്ഥലങ്ങളിൽ ഇവയെ പിടികൂടിയിരുന്നു. മലയോര മേഖലയിൽ നിന്നും എത്തുന്ന വിഷജീവികളാണ് കനാലുകളിലുള്ളത്. ഡാം തുറന്നു വിടുമ്പോൾ മലവെള്ളത്തോടൊപ്പം എത്തുന്നവയാണ് ഇവ. പിന്നിട് ഈ ഇഴജന്തുക്കൾ കനാലുകളിൽ തമ്പടിച്ച് പെറ്റുപെരുകുകയാണ്.
വെള്ളം തുറന്നു വിടുന്നതിനു മുന്നോടിയായി കനാലുകൾ വൃത്തിയാക്കുന്നതിലെ അപാകതയാണ് കാടുമൂടാൻ കാരണം. മുന്പ് കെഐപി കരാർ മുഖേനയായിരുന്നു കനാലുകൾ വൃത്തിയാക്കിയിരുന്നത്. ഇതിൽ അഴിമതി ആരോപിക്കപ്പെട്ടതിനെ തുടർന്ന് ഇപ്പോൾ തൊഴിലുറപ്പിൽ ഉൾപ്പെടുത്തിയാണ് വൃത്തിയാക്കൽ. ഇത് പലപ്പോഴും പേരിനു മാത്രമുള്ള വൃത്തിയാക്കലായി മാറുകയാണ് പതിവ്.
പത്തും ഇരുപതും അടി താഴ്ചയിലിറങ്ങി കാടുതെളിക്കുക സ്ത്രീ തൊഴിലാളികൾക്ക് അസാധ്യവുമാണ്. ഇതു മൂലം വെള്ളം ഒഴുക്കിവിടുന്നത് നിർത്തുമ്പോൾ തന്നെ കനാലുകൾ കാടുകയറി തുടങ്ങും. കനാലുകളിൽ കെഐപി ഉദ്യോഗസ്ഥരുടെ പരിശോധനയോ അറ്റകുറ്റപണികൾ ചെയ്യിക്കലോ ഇപ്പോൾ നടക്കാറുമില്ല.വേനൽക്കാലത്ത് ആവശ്യത്തിന് വെള്ളം ലഭിക്കാറുമില്ല കാടു കൊണ്ട് പൊറുതിമുട്ടുകയുമാണ് ജനങ്ങൾ. ഒപ്പം ഇഴജന്തുശല്യവും.