ഡോ. വെള്ളിമൺ നെൽസൺ വിവർത്തന പുരസ്കാരം ഏറ്റുവാങ്ങി
1226061
Thursday, September 29, 2022 11:24 PM IST
കുണ്ടറ: കവിയൂർ ശിവരാമ അയ്യർ സ്മാരക വിവർത്തന പുരസ്കാരം കവിയും എഴുത്തുകാരനുമായ ഡോ.വെള്ളിമൺ നെൽസൺ ചലച്ചിത്ര ഗാനരചയിതാവും സംഗിത സംവിധായകനുമായ ശ്രീകുമാരൻ തമ്പിയിൽ നിന്നും ഏറ്റു വാങ്ങി.
ശ്രീനാരായണ ഗുരുവിന്റെ ദാർശനിക കൃതിയായ ശിവശതകവും അതിന് മുനി നാരായണപ്രസാദ് നൽകിയ വ്യാഖ്യാനവും ഹിന്ദിയിലേക്ക് വിവർത്തനം ചെയ്ത ശിവശതകം എന്ന ഹിന്ദി കൃതിക്കാണ് അവാർഡ്.
ഈ മഹത്തായ വിവർത്തന ഗ്രന്ഥത്തിന് ഇതിനു പുറമേ ഒട്ടേറെ അംഗികാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഈയിടെ അയർലന്റിൽ നടന്ന മലയാള പുസ്തകമേള ഇന്ത്യൻ അമ്പാസിഡർ അഖിലേഷ് മിത്ര ഈ വിവർത്തന ഗ്രന്ഥം നൽകിയാണ് ഉദ്ഘാടനം ചെയ്തത്.
കേരള ഹിന്ദി പ്രചാരസഭയിൽ സംസ്ഥാന ഹിന്ദി പക്ഷാഘോഷ സമാപന സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ പുരസ്കാര സമർപ്പണ പരിപാടിയിൽ കേരള ഹിന്ദി പ്രചാര സഭ പ്രസിഡന്റ് എസ് ഗോപകുമാർ അധ്യക്ഷത വഹിച്ചു.
മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തി. വി കെ പ്രശാന്ത് എം എൽ എ, ശ്രീകുമാരൻ തമ്പി, ഹിന്ദി പ്രചാര സഭ സെക്രട്ടറി അഡ്വ. ബി. മധു, ഡോ.പി.കെ.ശിവകുമാർ, ഡോ.രഞ്ജിത്ത് രവിശൈലം, ഹിന്ദി കവയിത്രി അനാമിക അനു, ഡോ. വെള്ളിമൺ നെൽസൺ എന്നിവർ പ്രസംഗിച്ചു.