അറവു മാലിന്യ നിക്ഷേപം; രണ്ടാഴ്ചയ്ക്കകം നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
1245789
Sunday, December 4, 2022 11:36 PM IST
കൊല്ലം: പൂയപ്പള്ളി, വെളിനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിൽ നിയമവിരുദ്ധമായി അറവുമാടിന്റെ അവശിഷ്ടങ്ങൾ നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിച്ച ശേഷം രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
വെളിനല്ലൂർ, പൂയപ്പള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർക്കും പൂയപ്പള്ളി പോലീസ് ഇൻസ്പെക്ടർക്കുമാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവ് നൽകിയത്. പ്രദേശത്ത് അനധികൃത മാലിന്യ നിക്ഷേപം നടക്കുന്നത് ബോധ്യപ്പെട്ടതായി കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോർട്ടിൽ നിന്നും പരാതിക്ക് പരിഹാരം കണ്ടതായി മനസിലാക്കാൻ കഴിയുന്നില്ല. ആത്യന്തികമായി പൊതു ജനങ്ങളുടെ ആരോഗ്യ പരിപാലനവും പരിസര വാസികൾക്ക് മാലിന്യ മുക്തമായ അന്തരീക്ഷവും പ്രദാനം ചെയ്യേണ്ടതുണ്ടെന്നും ഉത്തരവിൽ പറയുന്നു. നൂറോളം പ്രദേശവാസികൾ സമർപ്പിച്ച പരാതിയിലാണ് നടപടി. കമ്മീഷൻ പൂയപ്പള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും റിപ്പോർട്ട് വാങ്ങി. പൂയപ്പള്ളി പയ്യക്കോട്ട് മാട്ടിറച്ചി വിൽക്കാൻ നജിമുദീൻ എന്നയാൾക്ക് അനുമതി നൽകിയിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. കമ്മീഷനിൽ പരാതി നൽകിയ ഷിഹാബുദീനും നജിമുദീനും ചേർന്നാണ് മാട്ടിറച്ചി വ്യാപാരം നടത്തിയിരുന്നതെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ ഇവർ പരസ്പരം പിരിഞ്ഞു. തുടർന്ന് ഷിഹാബുദീൻ മാട്ടിറച്ചി കച്ചവടം നേരിട്ട് ആരംഭിച്ചതായി റിപ്പോർട്ടിൽ പറയുന്നു. വ്യക്തികൾ തമ്മിലുള്ള വിദ്വേഷത്തിന്റെ പേരിൽ നടപടി വൈകിപ്പിക്കരുതെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.