മലയോര ഹൈവേയില് മാലിന്യം തള്ളി
1246382
Tuesday, December 6, 2022 11:26 PM IST
അഞ്ചല് : മലയോര ഹൈവേയില് കക്കൂസ് മാലിന്യം തള്ളി. പുനലൂര് അഞ്ചല് പാതയില് കുരുവിക്കോണം ഭാഗത്താണ് കഴിഞ്ഞ ദിവസം രാത്രിയില് സാമൂഹിക വിരുദ്ധര് കക്കൂസ് മാലിന്യം തള്ളിയത്. പ്രധാന പാതയോരത്ത് തള്ളിയ മാലിന്യം മീറ്ററുകള് ദൂരം ഒലിച്ചിറങ്ങി റോഡിലേക്കും വ്യാപിച്ചു. രാവിലെ ഇവിടം കേന്ദ്രീകരിച്ചു സ്ഥിരമായി കച്ചവടം നടത്തിവന്ന വഴിയോര കച്ചവടക്കാര് എത്തിയപ്പോള് അസഹനീയമായ ദുര്ഗന്ധം വമിച്ചു. തുടര്ന്ന് നടത്തിയ അന്വേഷണത്തിലാണ് മാലിന്യം തള്ളിയത് ശ്രദ്ധയില്പ്പെടുന്നത്. ഉടന് പഞ്ചായത്ത് മെമ്പര് അടക്കമുള്ളവരെ വിവരം അറിയിക്കുകയായിരുന്നു
അതേസമയം കിഴക്കന് മേഖലയില് ഇത്തരത്തില് കക്കൂസ് മാലിന്യങ്ങള് ആളൊഴിഞ്ഞ പാതയോരങ്ങള് ജനവാസ മേഖലകള്, കുടിവെള്ള സ്രോതസുകള്, കൃഷിയിടങ്ങള് എന്നിവിടങ്ങളില് തള്ളുന്ന സംഭവങ്ങള് ഏറി വരികയാണ്. മാസങ്ങള്ക്ക് മുമ്പാണ് പുനലൂര് താലൂക്ക് ആശുപത്രിയില് നിന്നുള്ള മാലിന്യം പുനലൂര് വെട്ടിപ്പുഴ തോട്ടില് ഒഴുക്കിയത്.
അന്ന് വലിയ പ്രതിഷേധം ഉയര്ന്നതോടെ വാഹനം പിടികൂടുകയും ലോറി ഡ്രൈവറെ റിമാന്ഡ് ചെയ്യുകയും ചെയ്തുവെങ്കിലും തുടര്നടപടികള് ഒന്നും കാര്യമായി നടന്നില്ല. നാല് ദിവസങ്ങള്ക്ക് മുമ്പ് ഏരൂര് പഞ്ചായത്തിലെ നെട്ടയത്തിന് സമീപം കോണത്തു ഭാഗത്ത് കൃഷിയിടത്തില് കക്കൂസ് മാലിന്യം തള്ളിയിരുന്നു.
ഇതിലും വസ്തു ഉടമ, ഗ്രാമപഞ്ചായത്ത് അധികൃതര് ഉള്പ്പടെ പോലീസില് പരാതി നല്കിയെങ്കിലും വാഹനം കണ്ടെത്തുന്നതിനും കുറ്റക്കാരെ പിടികൂടുന്നതിനോ കഴിഞ്ഞിട്ടില്ല.
വന്കിട വ്യാപാര സ്ഥാപനങ്ങള് ഫ്ലാറ്റുകള് എന്നിവിടങ്ങളില് നിന്നും ശേഖരിക്കുന്ന കക്കൂസ് മാലിന്യങ്ങളാണ് ജനജീവിതം ബുദ്ധിമുട്ടിലാക്കും വിധം ഇത്തരത്തില് പതയോരങ്ങളില് ഉള്പ്പടെ തള്ളുന്നത്.
വന്തുക ഇതിനായി ഈടാക്കുന്ന ഏജന്സികള് മാലിന്യം സംസ്കരിക്കാന് എന്ന വ്യാജേന പതയോരങ്ങള് തോടുകള്, വന പ്രദേശങ്ങള് എന്നിവിടങ്ങളില് തള്ളി മുങ്ങും. ഇത്തരക്കാരെ പിടികൂടിയാലും വലിയ നിയമ നടപടികള് ഇല്ലാത്തതാണ് വീണ്ടും ഇങ്ങനെ ആവര്ത്തിക്കാന് കാരണമാകുന്നത്. ശക്തമായ നടപടികള് പിടികൂടുന്നവര്ക്കെതിരെയും ഏജന്സികള്, മാലിന്യം ഇത്തരത്തില് പുറത്തേക്ക് നല്കുന്നവര് തുടങ്ങിയവര്ക്കെതിരെ കൂടി എടുത്താല് ഇത്തരം സാമൂഹിക വിരുദ്ധ പ്രവര്ത്തനങ്ങള്ക്ക് ഒരു പരിധിവരെ തടയിടാന് കഴിയും.