കോട്ടുക്കല്‍ കൃഷിഫാമിലെ നിയമനങ്ങളെ കുറിച്ച് അന്വേഷണം വേണമെന്ന് ബിജെപി
1247369
Friday, December 9, 2022 11:09 PM IST
അഞ്ചല്‍ : ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള കോട്ടുക്കല്‍ കൃഷി ഫാമില്‍ നടന്ന നിയമനങ്ങളെ കുറിച്ച് ഉന്നതല അന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഫാമില്‍ ഭരണ പക്ഷത്തെ പാര്‍ട്ടികള്‍ ചേര്‍ന്ന് അനധികൃത നിയമനങ്ങള്‍ നടത്തുന്നുവെന്ന് ആരോപിച്ച് ബിജെപി ഇട്ടിവ തുടയന്നൂര്‍ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ധര്‍ണ സംഘടിപ്പിച്ചു.
തുടയന്നൂർ ഏരിയ കമ്മിറ്റി പ്രസിഡന്റ് ബി അശോക് കുമാറിന്റെ അധ്യക്ഷതയില്‍ നടന്ന ധര്‍ണ ബിജെപി ജില്ലാ അധ്യക്ഷന്‍ ബി.ബി ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷകര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കേണ്ട കോട്ടുക്കല്‍ കൃഷി ഫാം ഇന്ന് ഭരണക്കര്ക്ക് അഴിമതികാണിക്കാനുള്ള കൂടാരമായി മാറിയെന്നു ബി.ബി ഗോപകുമാര്‍ ആരോപിച്ചു.
ചിതറ മണ്ഡലം പ്രസിഡന്റ് മനു ദീപം, ജനറൽ സെക്രട്ടറി ബി അനിൽകുമാർ, ജില്ലാ സെൽ കോർഡിനേറ്റർ പുത്തയം ബിജു, ജില്ലാ കമ്മിറ്റി അംഗം ഷീജ കുമാരി, മണ്ഡലം വൈസ് പ്രസിഡന്റ് വി.എസ് ദീപു, ഇട്ടിവ കമ്മിറ്റി പ്രസിഡന്റ് രവീന്ദ്രൻ പിള്ള, ഗിരീഷ്, ബിന്ദു, വിനേഷ് കുമാർ, രാജൻ പൂരം, അജിതാ കുമാരി, ബിജു നീലാംബരി, സുമി ശബരിദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.