സ്വന്തം നാട്ടിലൂടെ സഞ്ചരിക്കാൻ പോലും കഴിയാത്ത സാഹചര്യം: പ്രേമചന്ദ്രൻ
1261896
Tuesday, January 24, 2023 10:58 PM IST
അഞ്ചൽ : മക്കളോടൊപ്പം സ്വന്തം നാട്ടിലൂടെ സഞ്ചരിക്കാൻ പോലും കഴിയാത്ത സാഹചര്യമാണ് കേരളത്തിലിന്നുള്ളതെന്നും ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് അഞ്ചു ദിവസം മുമ്പ് ആയൂർ പെരുങ്ങള്ളൂരിലെ ഗൃഹനാഥന്റെ ആത്മഹത്യഎന്നും എംപി എന്‍.കെ പ്രേമചന്ദ്രന് പറഞ്ഞു. ആയൂരിൽ ആത്മഹത്യ ചെയ്ത പെരുവറത്ത് വീട്ടിൽ അജയകുമാറിന്റെ വീട്ടിലെത്തി ബന്ധുക്കളെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രേമചന്ദ്രന്.
സ്കൂളിൽ നിന്നും വന്ന പ്ലസ് വൺ വിദ്യാർഥിനിയായ മകളെ ബൈക്കിൽ വീട്ടിലേക്ക് കൊണ്ടുവരവേ വഴിയിൽ ഓട്ടോറിക്ഷ കൊണ്ടിട്ട് മാർഗതടസമുണ്ടാക്കി മദ്യപിക്കുകയായിരുന്ന നാലംഗസംഘം സംഘം പെൺകുട്ടിയോട് വളരെ മോശമായി പെരുമാറുകയും ഇത് ചോദ്യം ചെയ്ത പിതാവിനെ ക്രൂരമായി മർദിച്ചവശനാക്കുകയും ചെയ്തത് പ്രബുദ്ധ കേരളത്തിന് അപമാനകരമാണ്. ഇതിൽ മനംനൊന്തിട്ടാണ് കുട്ടിയുടെ പിതാവായ അജയകുമാറിന് ജീവനൊടുക്കേണ്ടി വന്നത്. ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കരുത്.
സംഭവം നടന്ന് അഞ്ചു ദിവസം പിന്നിടുമ്പോഴും പ്രതികളെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല. പ്രതികളെ സഹായിക്കാനും സംരക്ഷിക്കാനും ചിലര്‍ ശ്രമിക്കുന്നു. എത്രയും പെട്ടെന്ന് പ്രതികളെ പിടികൂടി നിയമത്തിന് മുന്നിലെത്തിക്കണമെന്നും ഇല്ലാത്ത പക്ഷം പ്രതിഷേധം അടക്കമുള്ള കാര്യങ്ങളിലേക്ക് നീങ്ങുമെന്നും എംപി പറഞ്ഞു. ഗ്രാമപഞ്ചായത്തംഗങ്ങളായ രാജീവ് കോശി, വിത്സൺ നെടുവിള, പൊതുപ്രവര്‍ത്തകരായ റംലി എസ്.റാവുത്തർ, എൻ.കെ ബാലചന്ദ്രൻ, പ്രസാദ് കോടിയാട്ട്, ആൽഫി നിരപ്പിൽ എന്നിവരും എംപിക്കൊപ്പം അജയകുമാറിന്റെ വീട് സന്ദര്‍ശിച്ചു.