ജലവിതരണ പൈപ്പുകൾ പൊട്ടി; കുടിവെള്ളം പാഴാകുന്നത് പതിവായി
1261901
Tuesday, January 24, 2023 10:58 PM IST
ചാത്തന്നൂർ: ദേശീയ പാതയുടെ നിർമാണം ആരംഭിച്ചതോടെ ജല വിതരണ പൈപ്പുകൾ പൊട്ടി കുടിവെള്ളം പാഴാകുന്നത് സ്ഥിരം സംഭവമായി. പൈപ്പുകൾ പൊട്ടിയാൽ യഥാസമയം ജലവിതരണം നിർത്തിവയ്ക്കുകയോ അറ്റകുറ്റ പണി നടത്തുകയോ ചെയ്യാൻ ജല അഥോറിറ്റി തയാറാകുന്നില്ല എന്നാണ് ആരോപണം. കുടിവെള്ളം പാഴാകുന്നതിന് പുറമേ ഇത് കെട്ടി കിടന്ന് പാഴ് വസ്തുക്കൾ അഴുക്കി പരിസര മലിനീകരണവും സൃഷ്ടിക്കുന്നു.
കഴിഞ്ഞ ദിവസം കാരംകോട് ശിവപ്രിയ ആശുപത്രിയ്ക്ക് സമീപമാണ് പൈപ്പ് ലൈൻ പൊട്ടിയത്. ദേശീയ പാതയോരത്ത് ഓട നിർമിക്കുന്നതിനായി ഇവിടെ നല്ല വീതിയിൽ ദീർഘദൂരം കുഴിയെടുത്തിട്ടുണ്ട്. ഈ കുഴിയിലാണ് വെള്ളം ഒഴുകിയെത്തി കെട്ടി കിടക്കുന്നത്. വെള്ളം കെട്ടികിടന്ന് മണ്ണിടിച്ചിൽ സൃഷ്ടിക്കുന്നത് തൊട്ടടുത്തുള്ള വസ്തുക്കളെയും കെട്ടിടങ്ങളെയും ദോഷകരമായി ബാധിക്കുമെന്ന് പരിസരവാസികൾ ആശങ്ക പ്രകടിപ്പിച്ചു.
ദേശീയപാതയിൽ നിർമാണം തുടങ്ങിയിട്ട് മാസങ്ങളായി. ഇത് വിലയിരുത്തി ജലവിതരണ പൈപ്പുകൾ സംരക്ഷിക്കാനോ അടിയന്തിരമായി അറ്റകുറ്റ പണികൾ നടത്താനോ ജല അതോറിറ്റി പദ്ധതി തയാറാക്കിയിട്ടില്ല. ദേശീയപാത അല്ലാത്തയിടങ്ങളിൽപ്പോലും പൈപ്പ് പൊട്ടി ജലം പാഴായാൽ ദിവസങ്ങൾ കഴിഞ്ഞാണ് അറ്റകുറ്റ പണികൾ നടത്തുന്നത് എന്നതാണവസ്ഥ.