ചണ്ണപ്പേട്ട സഹകരണ ബാങ്കിലെ നിയമനം; പാര്‍ട്ടി പ്രാദേശിക ഘടകം പൊട്ടിത്തെറിയുടെ വക്കില്‍
1261914
Tuesday, January 24, 2023 11:41 PM IST
അഞ്ചല്‍ : കിഴക്കന്‍ മേഖലയില്‍ യുഡിഎഫ് അധികാരം കൈയാളുന്ന ചുരുക്കം ചില സര്‍വീസ് സഹകരണ ബാങ്കുകളില്‍ ഒന്നാണ് അലയമണ്‍ പഞ്ചായത്തിലെ ചണ്ണപ്പേട്ട സര്‍വീസ് സഹകരണ ബാങ്ക്. ബാങ്കിലെ നിയനങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വലിയ കലഹങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്.
ബാങ്കില്‍ അടുത്തിടെ നടത്തിയ അഞ്ചു നിയമനങ്ങളില്‍ പാര്‍ട്ടി അറിയാതെ ചിലര്‍ ലക്ഷങ്ങള്‍ കോഴ വാങ്ങി എന്ന സിപിഎം, ഡിവൈഎഫ്ഐ ആരോപണം പാര്‍ട്ടിക്കുള്ളില്‍ വലിയ പൊട്ടിത്തെറിയാണ് ഉണ്ടാക്കിയിരിക്കുന്നത്.
ആരോപണങ്ങള്‍ക്ക് പിന്നാലെ കോണ്‍ഗ്രസ് ബ്ലോക്ക്, മണ്ഡലം നേതൃത്വം അറിയാതെ നടത്തിയ നിയമനങ്ങളും കോഴയും സംബന്ധിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു ചിതറ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.ജി സാബു നേരിട്ട് ജില്ലാ നേതൃത്വത്തെ സമീപിച്ചിരിക്കുകയാണ്.
പരാതിയില്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചിരിക്കുകയാണ് ഇപ്പോള്‍ ജില്ലാ നേതൃത്വം. ഡിസിസി ജനറല്‍സെക്രട്ടറി ഏരൂര്‍ സുഭാഷിനാണ് അന്വേഷണ ചുമതല. അതേസമയം പാര്‍ട്ടി നേതൃത്വവുമായി ആലോചിക്കാതെയുള്ള നിയമന നടപടിയില്‍ പാര്‍ട്ടി പ്രാദേശിക ഘടകത്തില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
ഉചിതമായ നടപടി ഉണ്ടായില്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്തുപോകുന്നതടക്കമുള്ള നടപടി ആലോചിക്കുമെന്ന് ഒരു വിഭാഗം പറയുന്നു. കോഴ വാങ്ങിയത് സംബന്ധിച്ച് ഡിജിറ്റല്‍ തെളിവുകള്‍ അടക്കം ഉണ്ടെന്നും ഇക്കൂട്ടര്‍ പറയുന്നു. അതേസമയം അഞ്ച് ഒഴിവുകളിലേക്ക് 106 പേര് എഴുത്ത് പരീക്ഷയിലും, 86 പേര് അഭിമുഖത്തിലും പങ്കെടുത്തിരുന്നു.
ഇതില്‍ അര്‍ഹരായ ഉദ്യോഗാര്‍ഥികളെ അവഗണിച്ച് നടത്തിയ നിയനങ്ങള്‍ റദ്ദ് ചെയ്യണം എന്നും സംവരണ നടപടികള്‍ പോലും പാളിച്ചിട്ടില്ലന്നും ആവശ്യപ്പെട്ടു സിപിഎം നേതൃത്വം സഹകരണ വകുപ്പിലും വിജിലന്‍സിനും പരാതി നല്‍കിയിട്ടുണ്ട്. ബാങ്കിലേക്ക് ഡിവൈഎഫ്ഐ മാര്‍ച്ച് അടക്കമുള്ള പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചിരുന്നു.