റോഡ് സുരക്ഷാ നിയമങ്ങൾ പഠന വിഷയമാക്കണം: ജോയിന്റ് ആർടിഒ
1261921
Tuesday, January 24, 2023 11:41 PM IST
കരുനാഗപ്പള്ളി: ക്രമാതീതമായി വർധിക്കുന്ന റോഡ് അപകടങ്ങളിൽ നിന്നും ഭാവി തലമുറയെ സംരക്ഷിക്കുവാൻ റോഡ് സുരക്ഷാ നിയമങ്ങൾ പഠന വിഷയമാക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് കരുനാഗപ്പള്ളി ജോയിന്റ് ആർടിഒ അനിൽകുമാർ അഭിപ്രായപ്പെട്ടു.
സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ വിദ്യാർഥികളെ ട്രാഫിക് നിയമങ്ങളെ കുറിച്ച് ബോധവാന്മാരാക്കുന്നതിനായി നടപ്പിലാക്കിയിരിക്കുന്ന സ്കൂളിലേക്ക് ഒരു സുരക്ഷാപാത എന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പുതിയകാവ് സംസ്കൃത യുപി സ്കൂളിൽ നിർവഹിച്ചു പ്രസംഗിക്കുയായിരുന്നു അദ്ദേഹം. കുട്ടികളെ വാഹന അപകടങ്ങളിലേക്ക് നയിക്കുന്നതിൽ അറിഞ്ഞോ അറിയാതെയോ രക്ഷകർത്താക്കൾക്ക് വലിയ പങ്കുണ്ടെന്നും, കുട്ടികളുടെ നിർബന്ധങ്ങൾക്കനുസരിച്ച് പ്രായത്തിന് അനുയോജ്യമല്ലാത്തതും അപകട സാധ്യത കൂടിയതുമായ വാഹനങ്ങൾ വാങ്ങി കൊടുക്കുന്നത് അവരെ വലിയ ദുരന്തങ്ങളിലേക്ക് തള്ളിവിടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ട്രാഫിക് നിയമങ്ങൾ ചിട്ടപ്പെടുത്തുന്ന സർക്കാർ ഏജൻസിയായ നാപ് ടെക്ക് നേതൃത്വത്തിൽ വിദ്യാർഥികൾക്ക് ട്രാഫിക് ബോധവൽക്കരണ പഠന ക്ലാസുകൾ എടുത്തു.
ജില്ലയിലെ ട്രാഫിക് നിയമ ബോധവൽക്കരണത്തിനായി 40 ഓളം വിദ്യാർഥികളെ തെരഞ്ഞെടുത്തു. എസ്എംസി ചെയർമാൻ കെ എസ് പുരം സുധീർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം റാഷിദ് വാഹിദ്, പഞ്ചായത്തംഗം സ്നേഹലത, സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ സത്താർ, ജയകുമാർ, സയന്റിസ്റ്റ് സുബിൻ, ക്യാമ്പ് കോഡിനേറ്റ് ഹാഷിക്ക് എന്നിവർ പ്രസംഗിച്ചു.