മാർത്തോമാ സഭ കൊട്ടാരക്കര കൺവൻഷൻ 29 ന് തുടങ്ങും
1262213
Wednesday, January 25, 2023 11:24 PM IST
കൊട്ടാരക്കര: മാർത്തോമാ സഭകൊട്ടാരക്കര - പുനലൂർ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിലുള്ള 65-ാമത് കൊട്ടാരക്കര കൺവൻഷൻ 29 ന് ആരംഭിച്ച് ഫെബ്രുവരി അഞ്ചിന് സമാപിക്കുമെന്ന് സംഘാടക സമിതി പത്ര സമ്മേളനത്തിൽ അറിയിച്ചു.
കൊട്ടാരക്കര ജൂബിലി മന്ദിരം ഗ്രൗണ്ടിലാണ് കൺവൻഷൻ നടക്കുക. 91 ഇടവകകൾ പങ്കെടുക്കും. 29 ന് വൈകുന്നേരം 6.30ന് ഭദ്രാസനാഥിപൻ ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലിത്ത കൺവൻഷൻ ഉദ്ഘാടനം ചെയ്യും. സീറോ മലബാർ സഭാ ബിഷപ് മാർ തോമസ് തറയിൽ പ്രസംഗിക്കും.
30 മുതൽ ഫെബ്രുവരി നാലുവരെ ദിവസവും വൈകുന്നേരം 6.30ന് രാത്രി യോഗങ്ങൾ നടക്കും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 10 മുതൽ 12.30 വരെ സന്നദ്ധ സുവിശേഷക സംഘം, സേവികാ സംഘം, സൺഡേ സ്കൂൾ യോഗങ്ങളും ശനിയാഴ്ച രണ്ടിന് യുവജനസഖ്യത്തിന്റെ യോഗവും നടക്കും. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാവിലെ 9.30 മുതൽ 12.30 വരെ റിന്യൂവൽ കോൺഫറൻസ് നടക്കും.
മൂന്നിന് വൈകുന്നേരം 6.30ന് മാർത്തോമാ സഭാ പരമാധ്യക്ഷൻ ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്ത പ്രസംഗിക്കും. അഞ്ചിന് രാവിലെ 7.30 ന് വി .കുർബാന.10 ന് നടക്കുന്ന സമാപന യോഗത്തിൽ കുന്നംകുളം മലബാർ ഭദ്രാസനാധിപൻ ഡോ. തോമസ് മാർ തീത്തോസ് പ്രസംഗിക്കും.
വിവിധ യോഗങ്ങളിൽ ഡോ. സഖറിയ മാർ സേലിയോസ്, റവ: ഡോ. ഷിബി വർഗീസ്, റവ. ഡോ. സൂരജ് പൗലോസ് തോമസ്, ഡോ. ജോർജ് ചെറിയാൻ, റവ.ഡോ. കെ തോമസ് മെർലിൻ തുടങ്ങിയവർ പ്രസംഗിക്കും. വിശ്വാസികൾക്കായി വാഹന സൗകര്യം ക്രമീകരിച്ചിട്ടുണ്ട്.
പത്രസമ്മേളനത്തിൽ ഭദ്രാസന സെക്രട്ടറി റവ.കെ വൈ ജേക്കബ്, കൺവീനർ റവ.ഷിബു സാമുവേൽ, റവ. ഐസക് പി കുര്യൻ, റവ. വിജു വർഗീസ്, പി എം തോമസ് കുട്ടി, പി ജെ ഡേവിഡ്, റോയി മലയിലഴികം, പി പി അച്ചൻകുഞ്ഞ്, കെ എം റജി, കുഞ്ഞുമോൻ പണിക്കർ തുടങ്ങിയവർ പങ്കെടുത്തു.