പൊഴിക്കരയിൽ മണൽക്കൂനകൾ നീക്കം ചെയ്യാൻ സാധ്യതാപരിശോധന
1264890
Saturday, February 4, 2023 11:10 PM IST
പരവൂർ : പരവൂർ കായലിൽ പൊഴിക്കര ചീപ്പുപാലത്തിനു സമീപം അടിഞ്ഞുകൂടിയ മണൽക്കൂനകൾ നീക്കം ചെയ്യുന്നതു സംബന്ധിച്ച് സാധ്യതാപരിശോധന തുടങ്ങുന്നു.
മണ്ണിന്റെ അളവ്, ഘടന തുടങ്ങിയവ പരിശോധിക്കുന്ന നടപടികൾക്ക് ടെൻഡറായിട്ടുണ്ട്. അഞ്ചുലക്ഷം രൂപയാണ് സാധ്യതാപഠനത്തിനു ചെലവാക്കുന്നത്. പഠനത്തിന് ഒരുമാസത്തോളം വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. റിപ്പോർട്ട് പരിശോധിച്ചശേഷമായിരിക്കും മണൽ നീക്കംചെയ്യുന്നത്. ഇതിന് നാലരക്കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ട്. ഇത്തിക്കരയാറ്റിൽനിന്നും കൊല്ലം തോട്ടിൽനിന്നും വെള്ളം പരവൂർ കായൽവഴി കടലിലേക്ക് ഒഴുകിപ്പോകുന്ന ഭാഗത്താണ് മണൽക്കൂനകളുള്ളത്. അതിനാൽ കടലിലേക്കുള്ള ഒഴുക്കു തടസ്സപ്പെട്ട് കരപ്രദേശങ്ങൾ നശിക്കുന്ന സ്ഥിതിയുണ്ട്.
മണൽക്കൂനകൾ നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് ജി.എസ്.ജയലാൽ എംഎൽഎ സബ്മിഷൻ ഉന്നയിച്ചിരുന്നു. മണൽക്കൂനകൾ നീക്കം ചെയ്യുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ മറുപടി നൽകുകയും ചെയ്തിരുന്നു. മണൽ അടിഞ്ഞുകൂടിയതിനാൽ മഴക്കാലത്ത് കായൽനിറഞ്ഞ് പൊഴിക്കര, മയ്യനാട്, മുക്കം, താന്നി ഭാഗങ്ങളിലെ വീടുകളിൽ വെള്ളം കയറുകയും വൻതോതിൽ കൃഷിനാശം ഉണ്ടാകുകയും ചെയ്യുന്നുണ്ട്. കായലിനു സമീപത്ത് ചെമ്മീൻകൃഷി നടത്തുന്നവരെയും ഇത് പ്രതിസന്ധിയിലാക്കുന്നു. സമീപകാലത്തൊന്നും മണൽ നീക്കം ചെയ്യാത്തതും തിട്ടകൾ രൂപംകൊള്ളുന്നതിന് ഇടയാക്കിയിട്ടുണ്ട്.