പാചകവാതക വില വർധന: യൂത്ത് കോൺഗ്രസ് പ്രതിഷേധം
1273918
Friday, March 3, 2023 11:16 PM IST
കരുനാഗപ്പള്ളി: പാചകവാതക വില വർധനയ്ക്കെതിരെ യൂത്ത് കോൺഗ്രസ് കരുനാഗപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെഎസ്ആർടിസി ബസ് സ്റ്റേഷന് മുൻവശത്ത് അടുപ്പ്കൂട്ടി കഞ്ഞിവെച്ച് പ്രതിഷേധിച്ചു.
ഗാർഹിക ആവശ്യത്തിനുള്ള സിലണ്ടറിനു 50 രൂപയും വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 350 രൂപയും ആണ് കേന്ദ്ര സർക്കാർ കൂട്ടിയിരിക്കുന്നത്. സാധാരണ ജനവിഭാഗങ്ങളെയും പട്ടിണി പാവങ്ങളെയും കൊള്ളയടിക്കുകയാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ. പാവങ്ങളുടെ പിച്ചച്ചട്ടിയിൽ കൈയിട്ടുവാരുന്ന ജനവിരുദ്ധ സർക്കാരായി മാറിക്കൊണ്ടിരിക്കുകയാണെന്ന് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ. അരുൺരാജ് അഭിപ്രായപ്പെട്ടു.
വിലവർധന പിൻവലിക്കുന്നതുവരെ നിരന്തര സമരവുമായി യൂത്ത് കോൺഗ്രസ് തെരുവിലിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. നിയോജകമണ്ഡലം പ്രസിഡന്റ് ഇർഷാദ് ബഷീർ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് കാർത്തിക് ശശി മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് നേതാക്കളായ ബോബൻ ജി. നാഥ്, ഷിബു എസ്. തൊടിയൂർ, സുഭാഷ്ബോസ്, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ വരുൺആലപ്പാട്, എ. ഷഹനാസ്, അനീഷ് മുട്ടാണിശേരിൽ,നിയോജകമണ്ഡലം ഭാരവാഹികളായ അശ്വത്ശശി, ഹരിലാൽ മുരുകാലയം, കൊച്ചു മുത്ത്, നൗഷാദ് തുടങ്ങിയവർ നേതൃത്വം നൽകി.