വൃത്തിയാക്കാന്‍ ഇറങ്ങുന്നതിനിടെ കിണറ്റില്‍ വീണയാളെ രക്ഷപെടുത്തി
1279156
Sunday, March 19, 2023 11:07 PM IST
അഞ്ചല്‍ : കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങവേ കയര്‍ പൊട്ടി വീണ് പരിക്കേറ്റ മധ്യയസ്കന് പുനലൂരില്‍ നിന്നും എത്തിയ അഗ്നിശമനസേന രക്ഷകരായി. അഞ്ചല്‍ വെസ്റ്റ് സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിന് സമീപം താമസിക്കുന്ന സാബു (52) വാണ് കയര്‍ പൊട്ടി കിണറ്റില്‍ വീണത്.
ഞായറാഴ്ച രാവിലെയാണ് സമീപത്തെ വീട്ടിലെ കിണറ്റില്‍ ഇറങ്ങിയത്. പകുതിയോളം എത്തിയപ്പോള്‍ പിടിച്ചിരുന്ന കയര്‍ പൊട്ടി സാബു താഴേക്ക് വീഴുകയായിരുന്നു.
വീഴ്ചയില്‍ കാലിനു സാരമായി പരിക്ക് പറ്റിയതിനാല്‍ സാബുവിന് കരയ്ക്ക് കയറാനോ, നാട്ടുകാര്‍ക്ക് രക്ഷപ്പെടുത്താനോ കഴിയാതെയായി. ഇതോടെയാണ് അഗ്നിശമന സേനയുടെ സഹായം തേടിയത്.
ഉടന്‍ സ്ഥലത്ത് എത്തിയ പുനലൂര്‍ യൂണിറ്റിലെ ഫയര്‍ റെസ്ക്യു ഓഫീസര്‍മാരായ ഉവൈസ്, അനീഷ് എന്നിവര്‍ കിണറ്റില്‍ ഇറങ്ങുകയും സാബുവിനെ കരയ്ക്ക് എത്തിക്കുകയുമായിരുന്നു.
പിന്നീട് ഫയര്‍ഫോഴ്സ് ആംബുലന്‍സില്‍ തന്നെ സാബുവിനെ അഞ്ചലിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചു. രണ്ടു കാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ സാബുവിനെ പിന്നീട് വിദഗ്ധ ചികിത്സക്കായി മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
സ്റ്റേഷന് ഓഫീസര്‍ ബി ഗിരീഷ്കുമാര്‍, അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ എ സാബു, ഫയര്‍ റെസ്ക്യു ഓഫീസര്‍മാരായ ഉവൈസ്, അനീഷ്, കൃഷ്ണരാജ്, സജിത്ത്, അരുണ്‍, ഷമീര്‍, പ്രദീപ് കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് സാബുവിന് രക്ഷകരായത്.