പുറ്റിംഗൽ ക്ഷേത്രത്തിൽ ആയിരങ്ങളുടെ പൊങ്കാല
1279161
Sunday, March 19, 2023 11:26 PM IST
പരവൂർ: പുറ്റിംഗൽ ദേവീ ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിന് തുടക്കം കുറിച്ച് ഇന്നലെ നടന്ന നടന്ന പൊങ്കാല ഭക്തിസാന്ദ്രമായി.
ഇഷ്ടവരദായിനിയും അഭീഷ്ടകാര്യ സാധികയുമായ പുറ്റിംഗൽ ഭഗവതിയുടെ തിരുമുമ്പിൽ ഇക്കുറി ആയിരങ്ങളാണ് പെങ്കാല അർപ്പിച്ചത്. കോവിഡിന്റെ ഇടവേളയ്ക്ക് ശേഷം നടന്ന ആദ്യ പൊങ്കാല ആയതിനാൽ ഇക്കുറി ഭക്തരുടെ വൻ ബാഹുല്യമായിരുന്നു. ക്ഷേത്ര പരിസരവും കവിഞ്ഞ് പൊങ്കാല കലങ്ങൾ പോസ്റ്റ് ഓഫീസ് ജംഗ്ഷൻ വരെ നീണ്ടു. ക്ഷേത്രത്തിന് സമീപത്തെ ഇടറോഡുകളിലും സ്ത്രീകൾ പൊങ്കാലയിട്ടു.
രാവിലെ ഏഴിന് ക്ഷേത്രം മേൽശാന്തി ഇടുക്കി കിഴക്കേ മഠം ബിനു പണ്ടാര അടുപ്പിൽ അഗ്നി പകർന്നു. തുടർന്ന് പൊങ്കാല അടുപ്പുകളിലേയ്ക്ക് അഗ്നി കൈമാറി. ഇതോടെ പൊങ്കാല സമർപ്പണത്തിന് സമാരംഭമായി. 9.30 ന് പൊങ്കാല നിവേദ്യ സമർപ്പണം സമാപിച്ചു.
ഇന്ന് രാവിലെ ആറിന് അഖണ്ഡ നാമജപം, വൈകുന്നേരം അഞ്ചിന് നൃത്തനൃത്യങ്ങൾ, ആറിന് സോപാന സംഗീതം, രാത്രി ഏഴിന് സംഗീത സദസ്, പത്തിന് നൃത്ത ശിൽപ്പം - ശ്രീമുരുകൻ, 11 - ന് സിനിമാറ്റിക് വിഷ്വൽ ഡ്രാമ - ത്രിശൂലശങ്കരി.
നാളെ രാവിലെ 6.15 ന് ഉദയാസ്തമന പൂജ, ഏഴിന് ഓട്ടൻ തുള്ളൽ, വൈകുന്നേരം ആറിന് സോപാന സംഗീതം, 5.30 ന് പൂവ് പടുക്ക സമർപ്പണം, ആറിന് സംഗീത സഭയുടെ ഗാനസന്ധ്യ, രാത്രി എട്ടിന് മാനസ ജപലഹരി, 10.30 ന് നൃത്ത സംഗീത നാടകം - ചന്ദ്രകാന്ത.