കനത്ത മഴയും കാറ്റും: അന്തര്‍സംസ്ഥാന പാതയില്‍ മരം വീണ് ഗതാഗതം മുടങ്ങി
1279436
Monday, March 20, 2023 11:11 PM IST
അഞ്ചല്‍ : അപ്രതീക്ഷിതമായി എത്തിയ വേനല്‍ മഴയിലും ഒപ്പം വീശിയടിച്ച ശക്തമായ കാറ്റിലും മരം കടപുഴകി വീണതിനെ തുടര്‍ന്ന് അന്തര്‍സംസ്ഥാന പാതയില്‍ ഗതാഗതം മുടങ്ങി.
തിരുവനന്തപുരം-ചെങ്കോട്ട പാതയില്‍ കുളത്തുപ്പുഴ മുപ്പതടിപാലത്തിന് സമീപമാണ് ഉച്ച കഴിഞ്ഞ് മൂന്നോടെ മരം വീണത്. മരം സമീപത്തുള്ള വൈദ്യുതി ലൈനുകളിലേക്ക് വീണതോടെ ലൈനുകള്‍ പൊട്ടുകയും പോസ്റ്റ് ഒടിയുകയും ചെയ്തു. മരവും ലൈനുകളും പാതയ്ക്ക് കുറുകെ ആയതോടെയാണ് ഒരു മണിക്കൂറിലധികം പാതയില്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടത്.
സംഭവമറിഞ്ഞ് സ്ഥലത്ത് എത്തിയ നാട്ടുകാര്‍, പോലീസ്, കെ എസ്ഇബി അധികൃതര്‍ അതുവഴി എത്തിയ വാഹനയാത്രികര്‍ അടക്കമുള്ളവര്‍ ചേര്‍ന്ന് വേഗത്തില്‍ മരം മുറിച്ചു പാതയില്‍ നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. വിവരമറിഞ്ഞു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. അനില്‍കുമാര്‍, വാര്‍ഡംഗം സാബു എബ്രഹാം തുടങ്ങിയവരും സ്ഥലത്ത് എത്തിയിരുന്നു.