യൂത്ത് കോൺഗ്രസ് കുണ്ടറ താലൂക്ക് ആശുപത്രി ഉപരോധിച്ചു
1282958
Friday, March 31, 2023 11:20 PM IST
കുണ്ടറ: രോഗിയുടെ കൈയിൽ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച് യൂത്ത്കോൺഗ്രസ് കുണ്ടറ താലൂക്ക് ആശുപത്രി ഉപരോധിച്ചു.
വീണ് പരിക്കേറ്റ യുവാവിന്റെ കാലിൽ പ്ലാസ്റ്റർ ഇടുന്നതിനാണ് ആശുപത്രി അധികൃതർ 500 രൂപ വാങ്ങിയതെന്ന് പറയപ്പെടുന്നു. പണം വാങ്ങിയശേഷം ആശുപത്രി വികസന സമിതിയുടെ രസീതും നൽകിയിരുന്നു.
യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കുണ്ടറ താലൂക്ക് ആശുപത്രി ഉപരോധം സംസ്ഥാന നിർവാഹക സമിതി അംഗം അനീഷ് പടപ്പക്കര ഉദ്ഘാടനം ചെയ്തു.
ജില്ലാ ജനറൽ സെക്രട്ടറി സുമേഷ് ദാസ് അധ്യക്ഷത വഹിച്ചു. യുവാവിന്റെ പക്കൽ നിന്നും വാങ്ങിയ 500 രൂപ തിരികെ നൽകണമെന്ന് യൂത്ത്കോൺഗ്ര്സ ആവശ്യപ്പെട്ടു. കോഴ വാങ്ങിയവർക്കെതിരെ ശക്തമായ നടപടി വേണം.
സർക്കാർ ആശുപത്രികളുടെ മാന്യത തകർക്കും തരത്തിലുള്ള പ്രവർത്തനങ്ങൾ ആശുപത്രി അധികൃതർ അവസാനിപ്പിക്കണം. വികസനസമിതി നോക്കുകുത്തിയായി പ്രവർത്തിക്കരുതെന്നും ജനങ്ങളുടെ ആവശ്യം അനുസരിച്ച് പ്രവർത്തിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
കോൺഗ്രസ് കൊറ്റങ്കര മണ്ഡലം പ്രസിഡന്റ് വിനോദ് കോണിൽ, കെഎസ് യു കുണ്ടറ നിയോജക മണ്ഡലം പ്രസിഡന്റ് സെയ്ദ്, നിതിൻ, അതുൽ ബോസ്കോ, സെയ്ദലി, ഷെഹനാസ്, ലിജിൻ, അലൻ, നിക്കോളാസ്, ജിബിൻ, ബോസിൻ എന്നിവർ പ്രസംഗിച്ചു.