ഭക്ഷ്യവിഷബാധ; 50 ഓളം പേർ വിവിധ ആശുപത്രികളിൽ
1283273
Saturday, April 1, 2023 11:20 PM IST
ചാത്തന്നൂർ/കൊട്ടാരക്കര : ഭക്ഷ്യ വിഷബാധയേറ്റു നിരവധിപേർ ആശുപത്രിയിൽ ചികിൽസ തേടി. നെടുമൺകാവ് കുടുംബാരോഗ്യ കേന്ദ്രത്തിൽ നിരവധി പേർ എത്തി.
കുട്ടികൾ അടക്കം എട്ട് പേർ നിരീക്ഷണത്തിലാണ്. മിയ്യണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ 14 പേരും കൊട്ടിയം ഹോളിക്രോസ് ആശുപത്രിയിൽ മൂന്നുപേരും ചികിത്സയിലാണ്. കൂടുതൽ പേർക്ക് ഭക്ഷ്യ വിഷബാധയേറ്റിട്ടുണ്ടെന്ന് കരുതുന്നു.
നെടുമ്പന കുടുംബാരോഗ്യ കേന്ദ്രം പെരുമ്പുഴയിലെ സ്വകാര്യാശുപത്രി എന്നിവിടങ്ങളിലും ചികിത്സ തേടി ആളുകൾ എത്തിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് അധികൃതർ കൂടുതൽ അന്വേഷണം നടത്തിവരികയാണ്. അമ്പതോളം പേർ ചികിത്സ തേടിയിട്ടുണ്ടെന്നാണ് പ്രാഥമിക കണക്കുകൾ.
കൊല്ലം ജില്ലയിലെ നെടുമൺകാവ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഒരു റസ്റ്റോറന്റിൽ നിന്ന് ചിക്കൻ അടങ്ങിയ ഭക്ഷണ പദാർഥങ്ങൾ വാങ്ങി കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഈ കഴിഞ്ഞ 30-ന് ഈ റസ്റ്റോറന്റിൽ നിന്ന് വാങ്ങിയ ഭക്ഷണം കഴിച്ചവർക്ക് പിറ്റേ ദിവസം രാവിലെ മുതൽ, തലകറക്കം, ഛർദി, പനി എന്നിവ അനുഭവപ്പെട്ടതിനെ തുടർന്ന് വിവിധ ആശുപത്രിയിൽ ചികിൽസ തേടുകയായിരുന്നു.
ആരോഗ്യ വകുപ്പിന്റെ കണക്ക് അനുസരിച്ച്, നെടുമൺകാവു കുടുംബാരോഗ്യ കേന്ദ്രത്തിൽ നിരവധിപേർ ചികിൽസയ്ക്കായി എത്തി. കുട്ടികളടക്കം എട്ട് പേർ നിരീക്ഷണത്തിലാണ്.
ഇന്നലെ വൈകുന്നേരം ഫുഡ് ആന്റ് സേഫ്റ്റി ഉദ്യോഗസ്ഥർ, , ഹെൽത്ത് ഇൻസ്പെക്ടർ, വാർഡ് മെമ്പർ, ജനപ്രതിനിധികൾ, ഏഴുകോൺ പോലീസ് എന്നിവർ ഈ റെസ്റ്റോറന്റിൽ എത്തി ഭക്ഷണ പദാർഥങ്ങളുടെ സാമ്പിളുകൾ ശേഖരിച്ചു പരിശോധനക്കായി ലാബിലേക്ക് അയച്ചു. കട അടച്ചു സീൽ ചെയ്തിട്ടുണ്ട്. പരിശോധനാ ഫലം വരുന്ന മുറയ്ക്ക് കൂടുതൽ നടപടി ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.