ഗണപതി ക്ഷേത്രത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ മിന്നൽ പരിശോധന
1335163
Tuesday, September 12, 2023 11:11 PM IST
കൊട്ടാരക്കര: മഹാഗണപതി ക്ഷേത്രത്തിൽ കോൺക്രീറ്റ് പാളികൾ ഭക്തയുടെ തലയിൽ വീണ സംഭവത്തെ തുടർന്ന് അടിയന്തിര സന്ദർശനം നടത്തി ദേവസ്വം ബോർഡ് പ്രസിഡന്റ് അനന്തഗോപൻ. കഴിഞ്ഞ ദിവസം ഉച്ചയോടെ ക്ഷേത്രത്തിൽ എത്തിയ പ്രസിഡന്റ് ഷേത്രത്തിനുള്ളിൽ പ്രവേശിച്ചു കാര്യങ്ങൾ വിലയിരുത്തി. സംഭവത്തിൽ ക്ഷേത്രത്തിന്റെ ശോചനീയ അവസ്ഥ പരിഹരിക്കാത്തതിലും ചൂണ്ടി കാണിക്കാത്തത്തിലും ദേവസ്വം ഉദ്യോഗസ്ഥരെയും ക്ഷേത്ര ഉപദേശക സമിതിയെയും അദ്ദേഹം ശകാരിച്ചു. എന്തിനാണ് നിങ്ങളൊക്കെ ഇവിടെ ഇരിക്കുന്നതെന്നായിരുന്നു പ്രസിഡന്റിന്റെ ചോദ്യം.
ക്ഷേത്രത്തിലെ ശോചനീയാവസ്ഥ പടിഞ്ഞാറ്റിൻകര ഉപദേശക സമിതി പ്രസിഡന്റ് വിനായക എസ് അജിത് കുമാർ പ്രസിഡന്റിനെ നേരിൽ കാണിച്ച് ബോധ്യപ്പെടുത്തി. നിർമാല്യ ദർശനത്തിനിടയിൽ ഭക്തയുടെ തലയിൽ കോൺക്രീറ്റ് പാളികൾ ഇളകി വീണ ഭാഗത്ത് അറ്റകുറ്റപണികൾ നടത്താനും ക്ഷേത്രതിനുള്ളിൽ ഉള്ള പുക പുറത്തേക്ക് പോകാനുള്ള സംവിധാനവും ശ്രീകോവിലിനുള്ളിൽ നടപ്പാതയിലുള്ള വിള്ളലുകൾ അടയ്ക്കാനും ഗണപതിനടയിൽ ഉൾപ്പടെ ഭക്തർക്ക് നനയാതിരിക്കാൻ പൊളിമർ ഗ്ലാസ് മേൽക്കൂര, കാക്ക വല എന്നിവ സ്ഥാപിക്കാനുമുള്ള തീരുമാനം എടുക്കാൻ ദേവസ്വം അസിസ്റ്റന്റ് എഞ്ചിനീയർ, ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എന്നിവർക്ക് നിർദേശം നൽകി.
ക്ഷേത്ര ശ്രീകോവിലിനുള്ളിൽ പൊളിമർ ഗ്ലാസ് മേൽക്കൂര, ചില അറ്റ കുറ്റ പണികളും വിനായക എസ് അജിത് കുമാർ സംഭവനയായി ചെയ്തു നൽകും.
ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സൈജു ലാൽ, അസിസ്റ്റന്റ് എഞ്ചിനീയർ ആതിര, പടിഞ്ഞാറ്റിൻകര ഉപദേശക സമിതി പ്രസിഡന്റ് വിനായക എസ് അജിത്കുമാർ, ഗണപതി ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് അനിൽകുമാർ, സെക്രട്ടറി സ്മിത രവി, വൈസ് പ്രസിഡന്റ് ഷണ്മുഖൻ ആചാരി, ഷീല ഉല്ലാസ്, ശ്രീകുമാർ, രവീന്ദ്രൻ കവുവിള, ദേവസ്വം ഉദ്യോഗസ്ഥർ എന്നിവർ പ്രസിഡന്റിനൊപ്പം ഉണ്ടായിരുന്നു.
മൂലക്ഷേത്രമായ പനയ്ക്കൽ കാവിന് മുന്നിലായി നിലനിൽക്കുന്ന ശൗചാലയം മാറ്റി സ്ഥാപിക്കാനും ദേവസ്വം എ സി ഓഫിസിന് സമീപം പുതുതായി നിർമിച്ച പാർക്കിംഗ് ഗ്രൗണ്ട് സൗകര്യം വർധിപ്പിക്കാനും മുൻപ് വാങ്ങിയ ഭൂമിയിൽ പാർക്കിങ്ങിനും മറ്റുമായി വഴി ഒരുക്കാനും പദ്ധതി തയാറാക്കാൻ അസിസ്റ്റന്റ് എഞ്ചിനീയർക്ക് ദേവസ്വം ബോർഡ് പ്രസിഡന്റ് അനന്തഗോപൻ നിർദേശം നൽകി.
പടിഞ്ഞാറ്റിൻകര നിവേദ്യത്തിൽ അനിതകുമാരി നിർമാല്യ ദർശനത്തിനെത്തിയപ്പോഴാണ് കോൺക്രീറ്റ് പാളികൾ ഇളകി വീണ് ശരീരത്തിൽ പതിച്ചത്.
ഇവർ ഇക്കാര്യം മാധ്യമങ്ങളുമായി പങ്കുവെക്കുകയും പ്രതിഷേധിക്കുകയുമുണ്ടാടായി.
തുടർന്നാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് നേരിട്ടെത്തുന്നതും പരിഹാര നിർദേശങ്ങൾ നൽകുന്നതും.