മാരക മയക്ക് മരുന്ന് ഗുളികകളും കഞ്ചാവും എക്സൈസ് പിടികൂടി
1395982
Tuesday, February 27, 2024 11:35 PM IST
ചാത്തന്നൂർ: മാരകമായ മയക്ക് മരുന്നു ഗുളികകളും കഞ്ചാവും എക്സൈസ് സംഘം പിടിച്ചെടുത്തു. ഇവ കടത്തികൊണ്ടുവന്ന പ്രതികൾ കാർ ഉപേക്ഷിച്ച് രക്ഷപെട്ടു. ലഹരിമരുന്ന് കടത്താനുപയോഗിച്ച കാർ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. പ്രതികൾ ഉപയോഗിച്ചിരുന്ന കാറിൽ നിന്നും വീട്ടിൽ നിന്നുമായി മയക്കുമരുന്നായ ടൈ ഡോൾ ഗുളികകളും നിരവധി കഞ്ചാവ് പൊതികളും കഞ്ചാവ് തെറുത്ത ബീഡികളും അഞ്ച് മൊബൈൽ ഫോണുകളും കണ്ടെടുത്തു.
കണ്ണനല്ലൂർ കുളപ്പാടം പുത്തൻകട ഷെഫി മൻസിലിൽ മുഹമ്മദ് ഷെഫിൻ (23) ഇയാളുടെ സുഹൃത്ത് ഹാരീസ് എന്നിവരാണ് എക്സൈസ് സംഘത്തിന്റെ കണ്ണ് വെട്ടിച്ച് കടന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരം നാലോടെയായിരുന്നു സംഭവം. ഇലക്ഷനു മുന്നോടിയായി എക്സൈസ് വിഭാഗം സംസ്ഥാന വ്യാപകമായി നടത്തിവരുന്ന സ്പെഷൽ ഡ്രൈവിലാണ് മയക്ക്മരുന്നുകൾ പിടികൂടിയത്.
കണ്ണനല്ലൂർ പാലമുക്കിൽ എക്സൈസ് സംഘംവാഹനപരിശോധ നടത്തുന്നതിനിടെ മുഹമ്മദ് ഷെഫിൻ സഞ്ചരിച്ചിരുന്ന കാറിന് കൈ കാണിയ്ക്കുകയും കാർ സാവധാനം നിർത്താൻ ശ്രമിക്കുകയും എക്സൈസ് സംഘം കാറിനടുത്തെത്തിയ തോടെ അപകടകരമായ രീതിയിൽ കാർമുന്നോട്ടെടുത്ത് അമിത വേഗത്തിൽ ഓടിച്ച് പ്രതികൾ രക്ഷപെടുകയായിരുന്നു.
എക്സൈസ് സംഘംവളരെ ദൂരം കാറിനെ പിൻ തുടർന്നെങ്കിലും കുളപ്പാടം പുത്തൻ കട ജംഗ്ഷനിൽ എക്സൈസിന്റെ കണ്ണ് വെട്ടിച്ച് സംഘം കടന്നു കളഞ്ഞു. എന്നാൽ എക്സൈസ് സംഘം പ്രദേശമാകെ കാറിനായുള്ള തെരച്ചിൽ നടത്തുകയും കാർ ഒരു വീടിന്റെ മുന്നിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു.
വീട്ടുകാരോട് തിരക്കിയപ്പോൾ ഷെഫിന്റെ മാതാവ് മകന്റെ കാറാണെന്ന് പറഞ്ഞതിനെത്തുടർന്ന് താക്കോൽ ആവശ്യപ്പെട്ടെങ്കിലും താക്കോൽ ലഭിച്ചില്ല. തുടർന്ന് മെക്കാനിക്കിനെ വിളിച്ചുവരുത്തി ലോക്ക് ചെയ്തിരുന്ന കാർ തുറപ്പിച്ച് നടത്തിയ പരിശോധനയിൽ പൊതികളാക്കിയ കഞ്ചാവും മയക്ക് മരുന്ന് ഗുളികകളും മയക്ക് മരുന്ന് ഇടപാടുകാരുമായി ബന്ധപ്പെടാൻ ഉപയോഗിച്ചിരുന്നതെന്ന് സംശയിക്കുന്ന അഞ്ച് മൊബൈൽ ഫോണുകളും കണ്ടെടുത്തു.
തുടർന്ന് ഉദ്യോഗസ്ഥർ വീട്ടിൽ കയറി യെങ്കിലും ഷെഫിന്റെ മുറി പുറത്ത് നിന്നും പൂട്ടിയിരുന്നു. തടിപ്പണിക്കാരനെ വിളിച്ചു വരുത്തി പൂട്ട് പൊളിച്ച് നടത്തിയ പരിശോധനയിൽ മയക്ക് മരുന്ന് ഗുളികകളും കഞ്ചാവ് തെറുത്ത ബീഡി കളും കഞ്ചാവ് പൊതികളും കണ്ടെടുത്തു. ഇയാളുടെ
മുറിയിൽ കറൻസി നോട്ടുകൾ എണ്ണുന്ന മെഷീൻ കണ്ടെത്തിയതിൽ നിന്നും ഇവർ വലിയ തോതിൽ മയക്ക്മരുന്നിന്റെ ഇടപാടുകൾ നടത്തിയതായും പണം എണ്ണി തിട്ടപ്പെടുത്തുന്നതിനായിരിക്കാം മെഷീൻ ഉപയോഗിച്ചിരുന്നതെന്നും സംശയിക്കുന്നതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികൾ മയക്ക്മരുന്ന് കടത്തിനുപയോഗിച്ചിരുന്ന കാർ ആലുവ സ്വദേശിയുടെ കൈയിൽ നിന്നും വാടകയ്ക്കെടുത്തതാണെന്നാണ് രേഖകളിൽനിന്ന് മനസിലാക്കാൻ കഴിയുന്നത്.
കഞ്ചാവ് കടത്തുന്നതിനിടയിൽ ആറ് മാസം മുൻപ് പാലക്കാട് വെച്ച് 30 കിലോ കഞ്ചാവുമായി ഷെഫിനെയും സംഘത്തെയും എക്സൈസ് പിടികൂടിയിരുന്നു. റിമാൻഡിൽ കഴിഞ്ഞിരുന്ന ഷെഫിൻ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഖലാമുദീൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ അനിൽകുമാർ.എസ്, ജോൺ, പ്രിവന്റിങ് ഓഫീസർമാരായ സലിം എ, ശശികുമാർ, ബിജുമോൻ, സിവിൽ എക്സൈസ് ഓഫീസർമാരായ സിജിൻ , സുനിൽ കുമാർ, അഖിൽ, വനിതാ സിവിൽ ഓഫീസർ ദിവ്യ.എസ് എന്നിവരടങ്ങുന്ന എക്സൈസ് സംഘമാണ് റെയ്ഡിൽ പങ്കെടുത്തത്.