അച്ഛനെയും മകനെയും കുത്തി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ
1396232
Thursday, February 29, 2024 2:26 AM IST
കൊല്ലം :മുൻവിരോധം നിമിത്തം മധ്യവയസ്ക്കയായ സ്ത്രീയുടെ ഭർത്താവിനേയും മകനേയും കുത്തി പരിക്കേൽപ്പിച്ച കേസിലെ പ്രതി പിടിയിലായി. അയണിവേലിക്കുളങ്ങര കോഴിക്കോട് ജയ വിലാസത്തിൽ ഉണ്ണി എന്ന ജയേഷ്(38) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്.
ഇയാളുടെ കോഴികൾ പരാതിക്കാരിയായ സ്ത്രീയുടെ കൃഷി നശിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇവർ തമ്മിൽ തർക്കം ഉണ്ടായിരുന്നു.
ഈ വിരോധത്തിൽ കഴിഞ്ഞ വർഷം ഡിസംബർ 12ന് രാത്രിയിൽ ഇയാൾ സ്ത്രീയുടെ വീടിന് മുന്നിലെത്തി ചീത്ത വിളിച്ചു. ഇതു കേട്ട് ഇറങ്ങി ചെന്ന ഭർത്താവിനേയും മകനേയും ഇയാൾ മർദിക്കുകയും കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു. സ്ത്രീയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വന്ന കരുനാഗപ്പള്ളി പോലീസ് പ്രതിയെ കഴിഞ്ഞ ദിവസം കായംകുളം കറ്റാനത്ത് നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.
കരുനാഗപ്പള്ളി ഇൻസ്പെക്ടർ മോഹിത്തിന്റെ നേതൃത്വത്തിൽ എസ്ഐ മാരായ ഷമീർ, ഷിജു, ഷാജിമോൻ, എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.