ജില്ലയില്‍ ഉയര്‍ന്ന താപനിലയുടെ മഞ്ഞ അലര്‍ട്ട്; ജാഗ്രത തുടരണമെന്ന് കളക്ടര്‍
1415809
Thursday, April 11, 2024 10:57 PM IST
കൊല്ലം :ജില്ലയില്‍ കാലാവസ്ഥ മുന്നറിയിപ്പ്പ്രകാരം ഉഷ്ണതരംഗം തുടരുമെന്നും അതീവജാഗ്രത വേണമെന്നും ജില്ല ദുരന്തനിവാരണ അഥോറിറ്റി അധ്യക്ഷനായ ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ് മുന്നറിയിപ്പ് നല്കി. 13 വരെ താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനുമാണ് സാധ്യത. പൊതുജനങ്ങള്‍ പകല്‍സമയത്ത് അതീവ ജാഗ്രത പുലര്‍ത്തണം.
അഞ്ചല്‍, തെന്മല എന്നിവിടങ്ങളിലാണ് തുടര്‍ച്ചയായ ദിവസങ്ങളില്‍ വളരെ ഉയര്‍ന്ന താപനില. രേഖപ്പെടുത്തിയിട്ടുള്ളത്. തെന്മലയില് രേഖപ്പെടുത്തിയ 41.7 ഡിഗ്രി സെല്‍ഷ്യസ് ആണ് ഇതുവരെ രേഖപ്പെടുത്തപ്പെട്ട ഉയര്‍ന്ന താപനില.
ജില്ലയില്‍ അഞ്ചുപേര്‍ക്ക് സൂര്യാതപം ഏറ്റു. ഈ സാഹചര്യത്തില്‍ രാവിലെ 11മുതൽ ഉച്ചകഴിഞ്ഞ് മൂന്നുവരെ തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കാതിരിക്കണം. പരമാവധി ശുദ്ധജലം കുടിക്കണം; ദാഹമില്ലെങ്കിലും. മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പാടില്ല. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങളാണ് നല്ലത്.
പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കാം. കുടയോ തൊപ്പിയോ ഉപയോഗിക്കാം.
പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒ ആര് എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം വര്‍ധിപ്പിക്കണം.
മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്) തുടങ്ങിയ ഇടങ്ങളില്‍ തീപിടുത്തസാധ്യത ഉള്ളതിനാല്‍ ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്നും കളക്ടർ അറിയിച്ചു.
കാട്ടുതീ ഭീഷണി കണക്കിലെടുത്ത് വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും ശ്രദ്ധിക്കണം. അങ്കണവാടി കുട്ടികള്‍ക്ക് ചൂട്ഏല്‍ക്കാത്ത സംവിധാനംപഞ്ചായത്ത് അധികൃതരും ജീവനക്കാരും ഒരുക്കണം.
കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, വിവിധ രോഗങ്ങളാല്‍ അവശതഅനുഭവിക്കുന്നവര്‍ തുടങ്ങിയവിഭാഗങ്ങള്‍ മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കരുത്.
മാധ്യമപ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും ഇതേസമയത്ത് കുടകള്‍ ഉപയോഗിക്കുകയും നേരിട്ട് വെയില് ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയുംവേണം.
പൊതുപരിപാടികള്‍, സമ്മേളനങ്ങള്‍ എന്നിവ നടത്തുമ്പോള്‍ പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ കുടിവെള്ളം, തണല്‍ എന്നിവ ലഭ്യമാണെന്ന് സംഘാടകര്‍ ഉറപ്പുവരുത്തണം.
11 മുതല്‍ മൂന്നു വരെ കഴിവതും സമ്മേളനങ്ങള്‍ ഒഴിവാക്കാം. യാത്രയിലേര്‍പ്പെടുന്നവര്‍ വെള്ളംകരുതണം, ആവശ്യത്തിന് വിശ്രമിക്കണം.
നിര്‍മാണത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, കര്‍ഷകത്തൊഴിലാളികള്‍, കാഠിന്യമുള്ള മറ്റേതെങ്കിലും ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ ജോലി സമയം ക്രമീകരിക്കണം. ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജലലഭ്യത ഉറപ്പാക്കുക.
കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്തു വാഹനങ്ങളില്‍ ഇരുത്തി പോകാന്‍ പാടില്ല. അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും വേണമെന്നും ജില്ലാ കളക്ടര്‍ ഓര്‍മിപ്പിച്ചു.