ജില്ലാ ആശുപത്രിയിലെ രോഗികൾക്ക് കുടനൽകി യൂത്ത് കോൺഗ്രസ് പ്രതിഷേധം
1425053
Sunday, May 26, 2024 7:04 AM IST
കൊല്ലം: ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്ന രോഗികൾക്ക് കുട നൽകി പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്. ഒപിയും, ഐസിയുകളും ലാബുകളും ചോർന്നൊലിക്കുന്നതടക്കം ജില്ലാ ആശുപത്രിയിൽ രോഗികൾ നേരിടുന്ന ദുരിതങ്ങൾക്കെതിരെയായിരുന്നു യൂത്ത് കോൺഗ്രസ് പ്രതിഷേധംസംഘടിപ്പിച്ചത്.
രോഗികളെ പരമാവധി ദുരിതത്തിലാക്കി അധികൃതർ ജില്ലാ ആശുപത്രിയെ തകർക്കുകയാണെന്ന് പ്രതിഷേധ ഭാഗമായി നടന്ന മാർച്ച് ഉദ്ഘാടനം ചെയ്തു യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം പറഞ്ഞു. അറ്റകുറ്റപ്പണിക്കായി അടച്ച ഓപ്പറേഷൻ തീയേറ്റർ മാസങ്ങൾ കഴിഞ്ഞിട്ടും തുറക്കാത്തത് സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണ്.
ചോർച്ച കാരണം ആശുപത്രിക്കുളിൽ രോഗികൾ കുടപിടിച്ചിരിക്കേണ്ട അവസ്ഥയാണ്. ജില്ലാ ആശുപത്രി അധികൃതർ സർക്കാരിൽ നിന്നും ശമ്പളം വാങ്ങി സ്വകാര്യ ആശുപത്രികൾക്ക് വേണ്ടി ജോലിയെടുക്കുകയാണെന്നും വിഷ്ണു സുനിൽ പന്തളം പറഞ്ഞു.മാർച്ച് അത്യാഹിത വിഭാഗത്തിന് മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്നായിരുന്നു കുട വിതരണവും ധർണയും.
കൊല്ലം ബ്ലോക്ക് പ്രസിഡന്റ് ഹസ്ന ഹർഷാദ് അധ്യക്ഷത വഹിച്ചു. ഫൈസൽ കുളപ്പാടം, കൗശിക്, ആദർശ് ഭർഗവൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ ഉല്ലാസ് ഉളിയക്കോവിൽ, ഷാഫി ചെമ്മാത്ത്, നജ്മൽ റഹ്മാൻ, വിഷ്ണു വിജയൻ കുന്നത്തൂർ, നസ്മൽ കലതിക്കാട്, യൂത്ത് കോൺഗ്രസ് നേതാക്കളായ ഹർഷാദ്, സിദ്ദിഖ്, അജു ചിന്നക്കട, ഷാജി പള്ളിത്തോട്ടം, റാഷിദ്, നവാസ് റഷാദി, മിഥുൻ കടപ്പാക്കട, അർജ്ജുൻ ഉളിയക്കോവിൽ തുടങ്ങിയവർ നേതൃത്വം നൽകി.