പോലീസിലെ ക്രിമിനല്‍വത്കരണം നാടിന് ആപത്ത്: എന്‍.കെ.പ്രേമചന്ദ്രന്
1425057
Sunday, May 26, 2024 7:04 AM IST
കൊല്ലം: ക്രമസമാധാന പരിപാലനത്തില്‍ നിഷ്പക്ഷത പാലിക്കേണ്ട പോലീസ് ഭരണ നേതൃത്വ താല്പര്യത്തിന് വിധേയമായി രാഷ്ട്രീയവത്കരിക്കുകയും ഗൂണ്ടകളെ പോലെ പൊതുജനത്തെ ഭീകരമായി മര്‍ദിക്കുകയും ചെയ്യുന്നത് നിയന്ത്രിക്കുവാന്‍ ഭരണകര്‍ത്താക്കള്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ സംസ്ഥാനത്ത് ഭീകരാന്തരീക്ഷം ഉടലെടുക്കുമെന്ന് എന്‍. കെ. പ്രേമചന്ദ്രന് എം പി പറഞ്ഞു.
കൊല്ലത്ത് ഐഎന്‍ടി യു സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഐ എന്‍ടി യുസി നേതാവിന്റെ മകന് റെജിനാസ് നാസറിനെ അകാരണമായി മൃഗീയമായി മര്‍ദിച്ച പോലീസുകാര്‍ക്ക് എതിരെ ശിക്ഷണ നടപടികള്‍ അടിയന്തിരമായി സ്വീകരിച്ചില്ലെങ്കില്‍ പോലീസ് മര്‍ദനത്തിന് എതിരെയുള്ള സമരം യുഡി എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.
പ്രതിഷേധ മാർച്ചിലും ധര്‍ണയിലും ഐ എന്‍ ടിയുസി ജില്ലാ പ്രസിഡന്റ് എ. കെ. ഹഫീസ് അധ്യക്ഷതവഹിച്ചു.ബിന്ദുകൃഷ്ണ, സൂരജ് രവി, എച്ച്. അബ്ദുല്‍ റഹുമാന്‍,കൃഷ്ണവേണിശര്മ്മ, കോതേത്ത് ഭാസുരന്‍, എസ്.നാസറുദ്ദീന്‍, അന്‍സര്‍ അസീസ്, കുന്നത്തൂര്‍ ഗോവിന്ദപിള്ള, ചിറ്റുമൂല നാസര്‍, ചവറ ഹരീഷ്, കെ. ജി. തുളസീധരന്‍, ആര്. രമണന്, കെ.എം.റഷീദ്, എം.നൗഷാദ്, ഡി. ഗീതാകൃഷ്ണന്‍, പ്രാക്കുളം സുരേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
റീജിയണല്‍ പ്രസിഡന്റുമാരായ പനയം സജീവ് -കൊല്ലം, ബി. ശങ്കരനാരായണപിള്ള -ഇരവിപുരം, മുടിയില്‍ മുഹമ്മദ് കുഞ്ഞ് -കരുനാഗപ്പള്ളി,തടത്തില്‍ സലീം -കുന്നത്തൂര്‍,ബാബുകുട്ടന്പിള്ള -കുണ്ടറ, പരവൂര്‍ ഹാഷിം -ചാത്തന്നൂര്‍), വി. ഫിലിപ്പ് -കൊട്ടാരക്കര തുടങ്ങിയവര്‍ പ്രതിഷേധ മാർച്ചിന് നേതൃത്വം നല്കി. റെസ്റ്റ്ഹൗസ് പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ചില്‍ ഐ എൻടിയുസി യൂണിഫോമിലുള്ള നൂറുകണക്കിന് തൊഴിലാളികളും പാര്‍ട്ടി പ്രവര്‍ത്തകരും പങ്കെടുത്തു.