കാറിടിച്ച് പരിക്കേറ്റ അതിഥി തൊ ഴിലാളികളെ ആശുപത്രിയിലെത്തിക്കാൻ തയാറാവാതെ ജനം
1425424
Monday, May 27, 2024 11:54 PM IST
കൊട്ടാരക്കര: കാറിടിച്ചു പരിക്കേറ്റ സ്കൂട്ടർ യാത്രികരായ അതിഥി തൊഴിലാളികൾ രക്തം വാർന്ന് റോഡിൽ കിടന്നത് ഏറെ നേരം. ചുറ്റും ആൾക്കൂട്ടമുണ്ടായിരുന്നിട്ടും ഇവരെ ആശുപത്രിയിലെത്തിക്കാൻ ആരും മുന്നോട്ടു വന്നില്ല.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ എംസി റോഡിൽ കരിക്കം ബിവറേജസ് ഔട്ട് ലെറ്റിനു മുൻവശമായിരുന്നു അപകടം. ഇവിടെയെത്തി മദ്യം വാങ്ങിയ രണ്ട് അതിഥി തൊഴിലാളികൾ ഇവർ വന്ന സ്കൂട്ടർ തിരിക്കുന്നതിനിടയിലാണ് കാറിടിക്കുന്നത്. ഇരുവരും റോഡിൽ തെറിച്ചു വീണു.
രക്തം വാർന്നൊഴുകുകയുമുണ്ടായി. ബിവറേജസിൽ വന്നവരുൾപ്പെടെ നിരവധി പേർ സ്ഥലത്തുണ്ടായിരുന്നു. എല്ലാവരും കാഴ്ചക്കാരായി നിന്നതല്ലാതെ ആരും രക്ഷപ്പെടുത്താൻ ശ്രമിച്ചില്ല. അതിഥി തൊഴിലാളികളായതുകൊണ്ടാകാം ഇങ്ങനെ സംഭവിച്ചതെന്നാണ് അനുമാനം. 20 മിനിറ്റിലധികം ഇവർ റോഡിൽ കിടന്നു. ഒടുവിൽ ഇടിച്ച കാറിലുണ്ടായിരുന്നവർ ഒരാളിനെ കൊട്ടാരക്കര താലൂക്കാശുപത്രിയിലെത്തിച്ചു. രണ്ടാമനെ ഒരു ആംബുലൻസ് കാരും ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ് .
കൊട്ടാരക്കരയിൽ നിന്നും ബിവറേജസ് ഔട്ട് ലെറ്റ് കരിക്കത്തേക്ക് മാറ്റി സ്ഥാപിച്ച ശേഷം ഇവിടം സ്ഥിരം അപകടമേഖലയായി മാറിയിരിക്കുകയാണ്. തിരക്കേറിയ എം സി റോഡിനോട് ചേർന്നാണ് ഔട്ട് ലെറ്റ് പ്രവർത്തിക്കുന്നത്. ഇവിടെ റോഡു മുറിച്ചു കടക്കുമ്പോഴാണ് സ്ഥിരമായി അപകടങ്ങൾ സംഭവിക്കാറുള്ളത്. കൂടാതെ ഇവിടം കേന്ദ്രീകരിച്ചുള്ള പോലീസ് പരിശോധനകളും അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നു.പോലീസിനെ ഭയന്ന് ഇരുചക്രവാഹനങ്ങൾ വെട്ടിച്ചു രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് അപകടങ്ങൾ ഉണ്ടാകുന്നത്.
വാഹന തിരക്കേറിയ എംസി റോഡരുകിൽ നിന്നും ബിവറേജസ് ഔട്ട് ലെറ്റ് മാറ്റി സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.