പേരയം പഞ്ചായത്തിൽ കേരഗ്രാമം പദ്ധതി നടപ്പാക്കും
1451894
Monday, September 9, 2024 6:40 AM IST
കുണ്ടറ: പേരയം ഗ്രാമപഞ്ചായത്തിലെ തെങ്ങ് കൃഷി പുനരുദ്ധാരണ പദ്ധതികളുടെ ഭാഗമായി കേരഗ്രാമം പദ്ധതി നടപ്പാക്കും. 2024 മുതൽ 2027 വരെയുള്ള മൂന്നുവർഷം കൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്. കൃഷിവകുപ്പ് 22 ലക്ഷം ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യവർഷ പ്രവർത്തനങ്ങൾക്കായി ആറ് ലക്ഷം ഒന്നാംഘട്ടമായി അനുവദിച്ചു.
കുണ്ടറ എംഎൽഎ പി.സി. വിഷ്ണു നാഥ് എംഎൽഎയുടെ നിർദേശ പ്രകാരമാണ് പേരയം പഞ്ചായത്തിനെ പദ്ധതിക്കായി തെരഞ്ഞെടുത്തത്. കേടായ തെങ്ങുകൾ മുറിച്ചുമാറ്റി പകരം പുതിയ തെങ്ങുകൾ വച്ചുപിടിപ്പിക്കും. തെങ്ങിന് വളം വിതരണം, ഇടവിളക്കിറ്റ് വിതരണം എന്നിവ പദ്ധതി വഴി നൽകും.
14 വാർഡുകളിലേയും ജനപ്രതിനിധികളും തെരഞ്ഞെടുത് കൺവീനർമാരും ചേർന്ന് കേടായ തെങ്ങുകളുടെ വിവര ശേഖരണം നടത്തി.
മുറിച്ചു മാറ്റുന്ന തെങ്ങുകൾക്ക് ആയിരം രൂപ വീതം ഗുണഭോക്താക്കൾക്ക് ലഭിക്കും. പദ്ധതിയുടെ ഉദ്ഘാടനം 11 ന് ഉച്ചയ്ക്ക് 12. 30 ന് പഞ്ചായത്തിൽ പി.സി. വിഷ്ണു നാഥ് എംഎൽഎ നിർവഹിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അനീഷ് പടപ്പക്കര അറിയിച്ചു.