ആശ്രാമം ലിങ്ക് റോഡ് പുനർനിർമാണം ദ്രുതഗതിയിൽ : പണിപൂർത്തിയാക്കുന്നതോടുകൂടി ലിങ്ക് റോഡ് പാലവും തുറന്നുകൊടുക്കും
1458291
Wednesday, October 2, 2024 6:05 AM IST
കൊല്ലം: ആശ്രാമം ലിങ്ക് റോഡിന്റെ പുനർ നിർമാണ പ്രവർത്തനങ്ങൾ ഉദ്യോഗസ്ഥരോടൊപ്പം സന്ദർശിച്ച് എം .മുകേഷ് എംഎൽഎ നിർമാണ പുരോഗതി വിലയിരുത്തി.
കെഎസ്ആർടിസിയും ബിവറേജസും വിവിധ സർക്കാർ സ്ഥാപനങ്ങളും നിരവധി വ്യാപാര സ്ഥാപനങ്ങളും ഉൾക്കൊള്ളുന്ന ലിങ്ക് റോഡിന്റെ പുനർ നിർമ്മാണ പ്രവർത്തനങ്ങളിൽ ഗതാഗത തടസം ഉണ്ടാക്കാത്ത വിധത്തിൽ ഓടകളുടെയും കലുങ്കുകളുടെയും നിർമാണം ആദ്യഘട്ടത്തിൽ നടത്തുന്നതിന് തീരുമാനിച്ച പ്രകാരമുള്ള പ്രവർത്തികൾ അന്തിമഘട്ടത്തിലാണ്.
കായലിന് സമാന്തരമായുള്ള 570 മീറ്റർ നീളമുള്ള ഓടയുടെ നിർമ്മാണം അടുത്തയാഴ്ച ആരംഭിക്കും.
ഓട നിർമാണം പൂർത്തീകരിച്ചതിനു ശേഷം മണിച്ചിതോട് അഷ്ടമുടിക്കായലിൽ ചേരുന്ന കൾവേർട്ട് ഉയരം കൂട്ടി പുനർ നിർമിക്കുന്ന പ്രവർത്തിയും നിലവിലുള്ള റോഡിന്റെ ഉപരിതലം പൊളിച്ച് നീക്കി ജിയോ സെൽ സാങ്കേതികവിദ്യ കൂടി ഉപയോഗിച്ച് ബിഎം ആന്ഡ് ബിസി നിലവാരത്തിൽ റോഡ് നിർമാണം നടത്തുന്ന പ്രവർത്തികളും നടക്കും.
മുനീശ്വരൻ കോവിൽ ജംഗ്ഷനും ഫ്ലൈ ഓവറിലേക്ക് പ്രവേശിക്കുന്ന കെഎസ്ആർടിസി ഡിപ്പോ ജംഗ്ഷനും നവീകരിച്ച് ക്രമീകരിക്കും. റോഡിന്റെ ഇരുവശങ്ങളിൽ നടപ്പാതയും മീഡിയനിൽ ഇലക്ട്രിക് ലൈറ്റുകളും സ്ഥാപിക്കും.
10 കോടി രൂപ അടങ്കലിൽ പൊതുമരാമത്ത് നിരത്ത് വിഭാഗം മുഖേനയാണ് പ്രവർത്തികൾ പുരോഗമിക്കുന്നത്. ബഗോറ കൺസ്ട്രക്ഷൻ കമ്പനിയാണ് നിർമാണ ചുമതല നിർവഹിക്കുന്നത്. നവീകരണം പൂർത്തിയാക്കി ലിങ്ക് റോഡ് ജനുവരി മാസത്തോടുകൂടി ഗതാഗതത്തിന് തുറന്നു നൽകുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്.
ഡി .സാബു, പൊതുമരാമത്ത് ഉദ്യോഗസ്ഥർ,ബെഗോറാ കമ്പനി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.