മെഡിക്കൽ കോളേജിൽ ജോലി വാഗ്ദാനം നൽകി തട്ടിപ്പ്: അച്ഛനും മകനും അറസ്റ്റിൽ
1497428
Wednesday, January 22, 2025 6:55 AM IST
കാട്ടാക്കട: മെഡിക്കൽ കോളജ് ആശുപത്രിയിൽ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയ അച്ഛനും മകനും അറസ്റ്റിൽ. കാട്ടാക്കട തൂങ്ങാപാറ മുഹമ്മദ് ജാസിം മൻസിൽ നാസർ(58), മകൻ മുഹമ്മദ് ജാസിം (28) എന്നിവരെയാണു കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തത്.
മഞ്ചംകുഴി സ്വദേശിയിൽ നിന്നും,
കഞ്ചിയൂർക്കോണം ചെട്ടിക്കോണത്തു താമസിക്കുന്ന ദമ്പതികളിൽ നിന്നുമായി ലക്ഷങ്ങൾ കൈക്കലാക്കി തട്ടിപ്പു നടത്തിയ പ്രതികളാണ് പോലീസ് പിടിയിലായത്. കാട്ടാക്കട കഞ്ചിയൂർക്കോണം ചെട്ടിക്കോണം വടക്കേപാലം പുത്തൻവീട്ടിൽ രതീഷ് കുമാറിൽ നിന്നും ഭാര്യ ദിവ്യാമോളിൽ നിന്നും ഇരുവർക്കും മെഡിക്കൽ കോളജിൽ അറ്റന്ററായി ജോലി വാങ്ങി നൽകാമെന്നു വാഗ്ദാനം നൽകി നാലുലക്ഷം രൂപയും വീരണകാവ് മഞ്ചംകുഴി മേക്കുകര വീട്ടിൽ ഗോപിയുടെ മകൻ ബാബുരാജിനു മെഡിക്കൽ കോളജിൽ പ്യൂണായി ജോലി വാങ്ങി നൽകാ മെന്നുപറഞ്ഞ് 4.5 ലക്ഷം രൂപയും ഇവർ വാങ്ങിയിരുന്നു.
തമ്പാനൂരിനടുത്തുള്ള വീട്ടിൽവച്ചാണു പ്രതികൾ പണം കൈപ്പറ്റിയത്. ഇരുസംഭവങ്ങൾക്കും കേസെടുത്ത കാട്ടാക്കട പോലീസ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പോലീസ് കേസെടുത്ത വിവരം അറിഞ്ഞു പ്രതികൾ ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെ തൂങ്ങാംപാറയുള്ള പ്രതികളുടെ വീട്ടിൽനിന്നും പോ ലീസ് ഇരുവരേയും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികൾ സമാന രീതിയിൽ കൂടുതൽ കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നു.
ഇരുവരേയും കാട്ടാക്കട മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി. കാട്ടാക്കട ഡിവൈഎസ്പി വി. ഷിബു, കാട്ടാക്കട ഇൻസ്പെക്ടർ മൃദുൽ കുമാർ, സബ് ഇൻസ്പെക്ടർ മനോജ്, എഎസ്ഐ അജയൻ, സിപിഒ മാരായ മെർലിൻ, ബാദുഷാമോൻ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായത്.