നാട്ടുകാർ ദുരിതത്തിൽ : വെള്ളനാട് കമ്പനിമുക്കിൽ ഹൈമാസ്റ്റ് പ്രകാശിച്ചിട്ട് മാസങ്ങൾ
1497431
Wednesday, January 22, 2025 7:07 AM IST
നെടുമങ്ങാട്: വെള്ളനാടിന് സമീപം കമ്പനിമുക്ക് ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിക്കാതായിട്ട് മാസങ്ങൾ. വൈദ്യുതി ബോർഡ് അധികൃതരെ നിരവധി തവണ വിവരം അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നു നാട്ടുകാർ പരാതിപ്പെട്ടു.
വെള്ളനാട്, ആര്യനാട്, പുനലാൽ, വെളിയന്നൂർ എന്നിവിടങ്ങളിൽ നിന്നുള്ള നാലു റോഡുകൾ സംഗമിക്കുന്ന കമ്പനിമുക്കിൽ സന്ധ്യ കഴിഞ്ഞാൽ ഇരുട്ടാണ്. കടകളിൽ നിന്നുള്ള വെളിച്ചം മാത്രമാണ് പ്രദേശത്തുള്ളത്. രാത്രി കടകൾ അടച്ചാൽ ജംഗ്ഷൻ പൂർണമായും കൂരിരിട്ടിലാകും.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ധാരാളം പേർ രാത്രി കാലങ്ങളിലെത്തുന്ന ജംഗ്ഷനിൽ യാത്രക്കാർക്ക് യാതൊരു സുരക്ഷയും നിലവിലില്ല. പ്രദേശത്തു തെരുവ് നായ്ക്കളുടെ ശല്യവും രൂക്ഷമാണ്. രാത്രികാലത്ത് യാത്രചെയ്യുന്നവർക്കു നായ്ക്കളുടെ കടിയേൽക്കുമെന്ന ഭയവുമുണ്ട്. ഇനിയെങ്കിലും ഹൈമാസ്റ്റ് ലൈറ്റ് കത്തിക്കാൻ നടപടി സ്വീകരിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെടുന്നു.