കൊല്ലത്ത് തടിമില്ലിൽ തീപിടിത്തം: ലക്ഷങ്ങളുടെ നഷ്ടം
1514090
Friday, February 14, 2025 4:28 AM IST
കൊല്ലം: കിളികൊല്ലൂരിന് സമീപം കുറ്റിച്ചിറയിൽ തടിമില്ലിൽ വൻ തീപിടിത്തം. ഫർണീച്ചറുകളും ഉപകരണങ്ങളും കത്തി നശിച്ചു. ഇന്നലെ പുലർച്ചെ നാലോടെയാണ് തീപിടിത്തം ഉണ്ടായത്. ഫയർഫോഴ്സ് എത്തി മൂന്ന് മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കൊല്ലം കടപ്പാക്കടയിൽ നിന്ന് മൂന്നും ചാമക്കടയിൽ നിന്ന് രണ്ടും ചവറ, കുണ്ടറ എന്നിവിടങ്ങളിൽ നിന്നും ഓരോ യൂണിറ്റും ഫയർ ഫോഴ്സ് സംഘം എത്തിയാണ് തീയണച്ചത്.
തീപിടിത്തത്തിൽ 50 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി മില്ലുടമ അബ്ദുൾ റഷീദ് പറഞ്ഞു. കൂടുതലും തേക്കിൽ തീർത്ത ഫർണിച്ചറുകളും തടി ഉരുപ്പടികളുമാണ് ഉണ്ടായിരുന്നത്. പ്രഭാത സവാരിക്ക് ഇറങ്ങിയ നാട്ടുകാരാണ് മില്ലിലെ തീപിടിത്തം ആദ്യം കണ്ടത്. തുടർന്ന് സമീപത്ത് താമസിച്ചിരുന്ന ഉടമയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഫയർ ഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.
മില്ലിന്റെ മുക്കാൽ ഭാഗവും അഗ്നിക്ക് ഇരയായി. പോലീസ് കേസെടുത്തു.ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന്റെ കാരണമെന്ന് ചാമക്കടയിലെ ഫയർഫോഴ്സ് അധികൃതർ പറഞ്ഞു.