എന്റെ ഗ്രാമം ഹരിതഗ്രാമം പദ്ധതി : മാലിന്യ സംഭരണത്തിന് ബിന്നുകൾ സ്ഥാപിച്ചു
1535112
Friday, March 21, 2025 5:47 AM IST
അഞ്ചല്‍ : ഏരൂര്‍ പഞ്ചായത്തില്‍ എന്റെ ഗ്രാമം ഹരിതഗ്രാമം പ്രഖ്യാപനത്തിന്റെ ഭാഗമായി പഞ്ചായത്തിലെ പ്രധാനപ്പെട്ട ഇടങ്ങളില്‍ എല്ലാം ബിന്നുകള്‍ സ്ഥാപിച്ചു. വലിച്ചെറിയല്‍ മുക്ത ഏരൂര്‍ അടക്കമുള്ള പദ്ധതികളുടെ പ്രഖ്യാപനം ഉടന്‍ നടക്കാനിരിക്കെയാണ് പ്ലാസ്റ്റിക്, പേപ്പര്‍ മാലിന്യങ്ങള്‍ പൊതുയിടങ്ങളില്‍ വലിച്ചെറിയാതിരിക്കാന്‍ പഞ്ചായത്തിലെ പ്രധാനപ്പെട്ട ഇടങ്ങളില്‍ എല്ലാം ബിന്നുകള്‍ സ്ഥാപിച്ചത്.
കവലകള്‍, സ്കൂളുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ബിന്നുകള്‍ സ്ഥാപിച്ചു. പ്ലാസ്റ്റിക്, പേപ്പർ മുതലായവ തരം തിരിച്ചു ഇടുന്നതിനു പാകമായ രീതിയിലാണ് ബിന്നുകൾ സ്ഥാപിച്ചിരിക്കുന്നത്. ബിന്നുകളില്‍ നിക്ഷേപിക്കുന്ന പേപ്പര്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിശ്ചിത ദിവസങ്ങളില്‍ ഹരിതകര്‍മസേന പ്രവര്‍ത്തകര്‍ എത്തി ശേഖരിക്കും.
പഞ്ചായത്തിലെ 2024-25 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി 4,60,000 രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. മാലിന്യങ്ങള്‍ വലിച്ചെറിയുന്ന ഇടങ്ങളിൽ കാമറകള്‍ സ്ഥാപിച്ചു തുടങ്ങിയിട്ടുണ്ട്. വീടുകളിലെ മാലിന്യ നിര്‍മാര്‍ജനത്തിനായി എല്ലാ വീടുകളിലും ബയോബിന്നുകള്‍ വിതരണം ചെയ്യാനുള്ള നടപടികളും ആരംഭിച്ചു.
വാര്‍ഡുതല സമ്പൂർണ ശുചിത്വ പ്രഖ്യാപനത്തിന് ശേഷം പി.എസ്.സുപാല്‍ എംഎൽഎ ഏരൂര്‍ പഞ്ചായത്തിനെ സമ്പൂർണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജി .അജിത്ത് പറഞ്ഞു.
പഞ്ചായത്തിനെ ഹരിതമാക്കുക എന്ന വലിയ ലക്ഷ്യത്തോടെയുള്ള പദ്ധതിയുടെ നടത്തിപ്പിനായി എല്ലാ വിഭാഗത്തിലുമുള്ള ജനങ്ങളുടെ സഹകരണവും പിന്തുണയും ഉണ്ടാകണമെന്നും ഒറ്റക്കെട്ടായി നിന്നു പദ്ധതി നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്നും സ്ഥിരം സമിതി അധ്യക്ഷന്‍ ഷൈന്‍ ബാബു പറഞ്ഞു.
ഈമാസം അവസാനത്തോടെ ഏരൂര്‍ പഞ്ചായത്തിനെ എന്റെ ഗ്രാമം ഹരിതഗ്രാമം പദ്ധതിയുടെ ഭാഗമായി സമ്പൂര്‍ണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിക്കും.