‘പ്രശാന്തി കവാടം’ കൊട്ടാരക്കര നഗരസഭയുടെ പുതിയ ശ്മശാനം
1535442
Saturday, March 22, 2025 6:45 AM IST
കൊട്ടാരക്കര: നഗരസഭയുടെ ചുമതലയിൽ കൊട്ടാരക്കരയിൽ 'പ്രശാന്തി കവാടം' പൊതുശ്മശാനം തുറന്നിട്ട് മുന്ന് മാസമാകുന്നു. ഇതുവരെ ശ്മശാനത്തിൽ സംസ്കരിച്ചത് മൂന്ന് മൃതദേഹങ്ങൾ.
റെയിൽവേ സ്റ്റേഷൻ കവലയ്ക്ക് സമീപത്തെ ഉഗ്രൻകുന്നിൽ മാലിന്യ പ്ലാന്റിനോട് ചേർന്നാണ് 58 ലക്ഷം രൂപ ചെലവിട്ട് പൊതുശ്മശാനം നിർമിച്ചത്.
ജനുവരി 12ന് മന്ത്രി കെ.എൻ.ബാലഗോപാലാണ് ഉദ്ഘാടനം ചെയ്തത്. പ്രശാന്തി കവാടമെന്ന പേര് നൽകിയതും മന്ത്രിയാണ്. നഗരസഭയിലെ ശുചീകരണ തൊഴിലാളികളെ ഉപയോഗിച്ചാണ് നിലവിൽ ശ്മശാനം പ്രവർത്തിപ്പിക്കുന്നത്. നാല് ജീവനക്കാരെയാണ് പരിശീലനം നൽകി പ്രാപ്തരാക്കിയത്. ഇവർക്ക് അധിക വേതനം നൽകുന്നുണ്ട്. ശ്മശാനത്തിൽ ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 5000 രൂപയാണ് ഈടാക്കുക.
പൂർണമായും ഗ്യാസിലാണ് പ്രവർത്തിക്കുന്നത്. ഒരു മൃതദേഹം സംസ്കരിക്കാൻ ഒന്നര മണിക്കൂറാണ് വേണ്ടതെന്നാണ് ബന്ധപ്പെട്ട നിർമാണ കമ്പനി പറഞ്ഞിരുന്നത്. എന്നാൽ മൂന്ന് മൃതദേഹങ്ങൾ മാത്രമാണ് ഇതുവരെ സംസ് കരിച്ചത്. ഇതിന് രണ്ട് മണിക്കൂർ വീതം വേണ്ടിവന്നു.
സ്വന്തമായി ഭൂമിയില്ലാത്തവരും നാമമാത്രമായ ഭൂമിയിൽ കെട്ടിടം വച്ച് താമസിക്കുന്നവരുമടക്കം ഒട്ടേറെ കുടുംബങ്ങൾക്ക് പുതിയ പൊതുശ്മശാനം വലിയ ആശ്വാസമാകും എന്നായിരുന്നു ധാരണ. അനാഥാലയങ്ങളിൽ താമസിക്കുന്നവർക്കും പ്രയോജനപ്പെടും.
എന്നാൽ ഇങ്ങനെയൊരു സംവിധാനം കൊട്ടാരക്കരയിൽ തുടങ്ങിയത് കൂടുതൽ ആളുകൾ അറിഞ്ഞിട്ടില്ല. നഗരസഭയിൽ മാത്രമല്ല, മറ്റ് പഞ്ചായത്തുകളിലുള്ളവർക്കും ശ്മശാനം ഉപയോഗിക്കാവുന്നതാണ്.