ലഹരി ഗുളിക ജില്ലയിൽ വ്യാപകം
1535704
Sunday, March 23, 2025 6:24 AM IST
കൊല്ലം: ലഹരി ഗുളിക വില്പന ജില്ലയിൽ വ്യാപകം. ബംഗളുരുവിൽ നിന്നാണ് ഇത്തരം ഗുളികകൾ ജില്ലയിൽ എത്തുന്നത്. കൊല്ലം നഗരം കേന്ദ്രീകരിച്ചാണ് ഇതിന്റെ വിപണനം നടക്കുന്നത്. കോളജ് വിദ്യാർഥികളാണ് ആവശ്യക്കാരിൽ ഏറെയും. ഇവരിൽ പെൺകുട്ടികളും ഉൾപ്പെടും.
കഴിഞ്ഞ ദിവസം മുണ്ടയ്ക്കൽ ഉദയമാർത്താണ്ഡപുരം സ്വദേശി രാജീവിനെ ലഹരി ഗുളികകളുമായി എക്സൈസ് സംഘം പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ലഹരി ഗുളികയും ജില്ലയിൽ വ്യാപകമായി വിറ്റഴിക്കുന്നതിന്റെ വിവരങ്ങൾ ലഭിച്ചത്.
രണ്ട് തരത്തിലുള്ള ഗുളികകളാണ് ഇയാളിൽ നിന്ന് എക്സൈസ് സംഘം കണ്ടെടുത്തത്. ബംഗളുരുവിൽ നിന്ന് 15 രൂപയ്ക്ക് ലഭിക്കുന്ന ഗുളികകൾ ഇയാൾ കൊല്ലത്ത് എത്തിച്ച് 200 മുതൽ 250 രൂപ വരെ ഈടാക്കിയാണ് വിറ്റിരുന്നത്.
പിടിയിലായ യുവാവ് നേരത്തേയും സമാന കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. അതിനാൽ എക്സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലുമായിരുന്നു. ഗുളിക പൊട്ടിച്ച് വെള്ളം ചേർത്ത് ലായനിയാക്കി സിറിഞ്ച് ഉപയോഗിച്ച് കുത്തിവച്ചാണ് ഇടപാടുകാർ ഉപയോഗിക്കുന്നത്.
രാജീവിൽ നിന്ന് സ്ഥിരമായി ഗുളിക വാങ്ങിക്കുന്നവരെ കുറിച്ചും എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. ജില്ലയിൽ ഇത്തരത്തിൽ ഗുളിക വ്യാപാരം നടത്തുന്ന നിരവധി സംഘങ്ങൾ പ്രവർത്തിക്കുന്നതായും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ലഹരി ഗുളിക റാക്കറ്റിനെ അമർച്ച ചെയ്യാൻ സിറ്റി പോലീസും നടപടികൾ ആരംഭിച്ച് കഴിഞ്ഞു.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണൻ കൊല്ലത്തെ ലഹരി ഗുളിക വിപണനം സംബന്ധിച്ച് മേലുദ്യോഗസ്ഥരെ ധരിപ്പിച്ചു.
കാൻസർ രോഗികൾ ഉപയോഗിക്കുന്ന വേദന സംഹാര ഗുളികകളാണ് ലഹരി ഗുളികകളായി വിറ്റഴിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊല്ലത്ത് ഗുളിക മാഫിയയെ പിടികൂടാൻ സിറ്റി പോലീസ് നടപടികൾ തുടങ്ങിയിട്ടുള്ളത്.