പുനലൂർ നഗരസഭ ബജറ്റ് ചർച്ച ബഹളമയം
1535705
Sunday, March 23, 2025 6:24 AM IST
പുനലൂർ : നഗരസഭയുടെ വാർഷിക ബജറ്റ് ചർച്ചയ്ക്കിടെ ഒച്ചപ്പാടും ബഹ ളവും. കൗൺസിൽ യോഗത്തിൽ നാടകീയ സംഭവങ്ങളാണ് അരങ്ങ േറി യത്. ഭരണസമിതി അവതരിപ്പിച്ച ബജറ്റ് നഗരത്തിന് പ്രയോജനപ്രദമല്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ബദൽ ബജറ്റ് അവതരിപ്പിച്ചതും ഇത് തടയുന്നതിനായി ഭരണപക്ഷ അംഗങ്ങള്‍ രംഗത്ത് വന്നതും വലിയതോതിൽ ഒച്ചപ്പാടുണ്ടായി.
കഴിഞ്ഞദിവസം നഗരസഭയുടെ വൈസ് ചെയർമാൻ രഞ്ജിത്ത് രാധാകൃഷ്ണൻ അവതരിപ്പിച്ച വാർഷിക ബജറ്റ് ചർച്ച ചെയ്യുന്നതിനായി നഗരസഭ ചെയർപേഴ്സൺ കെ.പുഷ്പലതയുടെ അധ്യക്ഷതയിൽ ഇന്നലെ രാവിലെ മുതൽ ചേർന്ന കൗൺസിൽ യോഗത്തിൽ തുടക്കം മുതൽ കൗൺസിലർമാർ തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടായി.
ഇരുപക്ഷത്തേയും കൗൺസിലർമാർ ബജറ്റിന്മേലുള്ള തങ്ങളുടെ യോജിപ്പും വിയോജിപ്പും അറിയിച്ചും വികസന പദ്ധതികൾ സംബന്ധിച്ചുള്ള ആശങ്കകൾ പങ്കുവെച്ചുമാണ് യോഗം മുന്നോട്ട് പോയത്. യുഡിഎഫ് ഭാഗത്തുനിന്നും സാബു അലക്സ്, എന്‍.സുന്ദരേശൻ, എൽഡിഎഫ് ഭാഗത്തുനിന്നും പി.എ. അനസ് എന്നിവർ സംസാരിക്കുമ്പോൾ പ്രതിഷേധവുമായി ഇരുവശത്തു നിന്നും ഒച്ചപ്പാടുണ്ടായി.
ചെയർപേഴ്സണും വൈസ് ചെയർമാനും യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡറും ഒഴികെ മറ്റെല്ലാ അംഗങ്ങളും ചർച്ച ചെയ്തു കഴിഞ്ഞ ശേഷം യുഡിഎഫ് ഭാഗത്തെ അഭിപ്രായങ്ങൾ സമന്വയിപ്പിച്ചുകൊണ്ട് യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ ജി.ജയപ്രകാശ് പ്രസംഗിക്കുമ്പോഴാണ് സംഘർഷം ആരംഭിക്കുന്നത്. റവന്യൂ വരവ് സംബന്ധിച്ച് ബജറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന കണക്കുകളിൽ ഗുരുതരമായ വ്യത്യാസം ഉണ്ടെന്നും 122 കോടി എന്ന ആകെ വരവ് ജനങ്ങളെ കബളിപ്പിക്കാൻ ആണെന്നും വസ്തുത വിരുദ്ധമായി അവതരിപ്പിച്ച ബജറ്റ് പിൻവലിക്കണമെന്നും ജയപ്രകാശ് ആവശ്യപ്പെട്ടു.
തുടര്‍ന്ന് ബദൽ നിർദേശങ്ങൾ അടങ്ങിയ ബജറ്റ് യുഡിഎഫ് ലീഡര്‍ ജി.ജയപ്രകാശ് അവതരിപ്പിച്ചു. പുനലൂരിന് സമഗ്ര കുടിവെള്ള പദ്ധതി ആവിഷ്കരിക്കുന്നതു വരെ നിലവിലുള്ള പദ്ധതി നവീകരിക്കുന്നത് സംബന്ധിച്ച നിർദേശങ്ങളും കേന്ദ്രീയ വിദ്യാലയത്തിനായി മൂന്നര ഏക്കര്‍ സ്ഥലം വിട്ടു നൽകുന്നതും ഏഴുനില വ്യാപാര സമുച്ചയ നവീകരണം പൂർത്തിയാക്കുന്നതും ടൗൺഹാളിന്റെ പേരിൽ ധൂർത്തടിച്ച തുക തിരികെ പിടിക്കുന്നതടക്കം മാർക്കറ്റിലെ കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതും,
അന്തി ചന്ത ആരംഭിക്കുന്നതും, ലഗൂണിൽ പാര്‍ക്ക് ആരംഭിക്കുന്നതും, ചെറുകിട കച്ചവടക്കാരുടെ ക്ഷേമത്തിനായി പദ്ധതികൾ ആവിഷ്കരിക്കുന്നതും, പ്ലാസ്റ്റിക് റീസൈക്കിൾ യൂണിറ്റുകൾ ആരംഭിക്കുന്നതും, ശ്മശാനം തുറന്ന് പ്രവർത്തിപ്പിക്കുന്നതും, പട്ടണത്തെ സ്ത്രീ സൗഹൃദം ആക്കി മാറ്റുന്നതും, നഗരസഭയുടെ ഉടമസ്ഥതയിലുള്ള വിവിധ കെട്ടിടങ്ങൾ നവീകരിച്ച് ഒരു ലക്ഷം സ്ക്വയർഫീറ്റ് വ്യാപാരത്തിന് വിട്ടു നൽകുന്നത് ഉൾപ്പടെയുള്ള നിർദേശങ്ങളാണ് ബദൽ ബജറ്റിൽ ഉൾക്കൊള്ളിച്ചിരുന്നത്. ബദൽ ബജറ്റ് വായന ആരംഭിച്ചതോടെ ഭരണകക്ഷി അംഗങ്ങൾ ഇരിപ്പിടം വിട്ടിറങ്ങി വായന തടസപ്പെടുത്തുന്നതിന് ശ്രമം ആരംഭിച്ചു.
ചില കുടുംബശ്രീ യൂണിറ്റുകളിലെ അഴിമതി സംബന്ധിച്ച് ജയപ്രകാശ് നടത്തിയ പ്രസ്താവന മുഴുവൻ കുടുംബശ്രീ അംഗങ്ങളെയും അപമാനിക്കുന്നതാണെന്ന് ആരോപിച്ചു കൊണ്ടായിരുന്നു ഭരണകക്ഷി അംഗങ്ങളുടെ പ്രതിഷേധം.
മുന്‍ വൈസ് ചെയർമാൻ ഡി.ദിനേശന്റെയും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബിനോയ് രാജന്റെയും വസന്ത രഞ്ചന്റെയും പി.എ.അനസിന്റെയും നേതൃത്വത്തിൽ എൽഡിഎഫ് അംഗങ്ങൾ എല്ലാവരും ജയപ്രകാശിന് ചുറ്റും നിന്ന് മുദ്രാവാക്യം വിളി ആരംഭിച്ചു. മുദ്രാവാക്യം വിളികൾക്കിടയിൽ ബദൽ ബജറ്റിന്റെ വായന പൂർത്തിയാക്കി. പകര്‍പ്പ് ചെയര്‍പേഴ്സന്റെ മേശപ്പുറത്ത് വച്ചു.
തുടര്‍ന്ന് സാബു അലക്സ് നഗരസഭാ ബജറ്റ് കീറി എറിഞ്ഞു. എല്‍ ഡി എഫ് അംഗങ്ങള്‍ യുഡിഎഫ് അവതരിപ്പിച്ച ബജറ്റും കീറി. ഇതോടെ പ്രതിപക്ഷം യോഗം ബഹിഷ്കരിച്ചു. പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തില്‍ ഭരണപക്ഷം നഗരസഭാ ബജറ്റ് പാസാക്കി.